രാഹുൽഗാന്ധിയെ വീണ്ടും അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഡെൽഹി ഘടകം

ന്യൂഡെൽഹി: രാഹുൽ ഗാന്ധിയെ വീണ്ടും കോൺഗ്രസ് അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടിയുടെ ഡെൽഹി ഘടകം പ്രമേയം പാസാക്കി. ഡെൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ഡിപിസിസി) അധ്യക്ഷൻ അനിൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് പ്രമേയം പാസാക്കിയത്. മുതിർന്ന നേതാക്കൾ പങ്കെടുത്ത യോഗം നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തി.

പുതിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ രാഹുൽ വീണ്ടും പാർട്ടി അധ്യക്ഷ സ്ഥാനത്ത് എത്തണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കിയത്. മോദി സർക്കാരിന്റെ ദുഷ്ചെയ്തികൾക്കെതിരെ സന്ധിയില്ലാത്ത പോരാട്ടമാണ് രാഹുൽ നടത്തുന്നതെന്ന് ഡിപിസിസി അധ്യക്ഷൻ പറഞ്ഞു. സാധാരണ കോൺഗ്രസ് പ്രവർത്തകരുടെ ആത്മവീര്യം വർധിപ്പിക്കാൻ അദ്ദേഹം പാർട്ടിയെ അധ്യക്ഷ സ്ഥാനത്തുനിന്ന് നയിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട മറ്റുരണ്ട് പ്രമേയങ്ങളും ഡെൽഹി കോൺഗ്രസ് ഘടകം പാസാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കർഷക പ്രക്ഷോഭം കൈകാര്യം ചെയ്യുന്ന രീതിയെ വിമർശിക്കുന്നതാണ് മറ്റുരണ്ട് പ്രമേയങ്ങൾ.

പശ്ചിമ ബംഗാൾ, തമിഴ്നാട് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾക്ക് ശേഷം ജൂണിൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാർട്ടി ഡെൽഹി ഘടകം രാഹുലിനുവേണ്ടി പ്രമേയം പാസാക്കിയിട്ടുള്ളത്. ഡെൽഹി ഘടകത്തെ പിന്തുടർന്ന് മറ്റുസംസ്ഥാനങ്ങളിലെ കോൺഗ്രസ് ഘടകങ്ങളും സമാനമായ പ്രമേയങ്ങൾ പാസാക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ദയനീയ പരാജയം നേരിടേണ്ടിവന്നതിന് പിന്നാലെയാണ് രാഹുൽ പർട്ടി അധ്യക്ഷസ്ഥാനം രാജിവച്ചത്. തൽസ്ഥാനത്തേക്ക് തിരിച്ചെത്തില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് അദ്ദേഹം.