തിരുവനന്തപുരം: ദൂരെ സ്ഥലങ്ങളിൽ നിന്നും തലസ്ഥാന നഗരിയിലെത്തുന്ന ബസുകൾ നാളെ മുതൽ പിഎംജിയിൽ നിന്ന് മൂന്ന് വഴികളിലായി തിരിച്ചുവിട്ട് കെഎസ്ആർടിസി സർവ്വീസ് നടത്തും. വിവിധ സ്ഥാപനങ്ങളിൽ ജോലിയ്ക്കും, മറ്റ് ആവശ്യങ്ങൾക്കും എത്തുന്നവർ പല ബസുകൾ ഇറങ്ങി കയറുന്നത് അവസാനിപ്പിക്കാനാണിതെന്ന് സിഎംഡി ബിജു പ്രഭാകർ അറിയിച്ചു.
പിഎംജിയിൽ നിന്നും പതിവ് പോലെ ബേക്കറി- പനവിള വഴിയുള്ള സർവ്വീസിനോടൊപ്പം, പിഎംജി- മ്യൂസിയം- മാനവീയം വീഥി- ഡിജിപി ഓഫീസ്- വഴുതക്കാട്- വുമൻസ്കോളേജ് – പനവിള വഴിയും, പിഎംജിയിൽ നിന്നും- സെക്രട്ടറിയേറ്റിന് മുന്നിലൂടെയും തമ്പാനൂരിൽ എത്തിച്ചേരുന്ന കണക്കിനുമാണ് സർവ്വീസുകൾ പരീക്ഷണാടിസ്ഥാനത്തിൽ നടത്തുക.
ഇതിനായി കൊല്ലത്തു നിന്ന് എൻ എച്ച് വഴിയും, കൊട്ടാരക്കരയിൽ നിന്ന് എംസി റോഡ് വഴിയും ഉള്ള മുഴുവൻ ബസുകളിലും ഇത്തരത്തിൽ സർവ്വീസ് നടത്തുന്നതിനുള്ള നിർദ്ദേശം നൽകി. ഈ ബസുകളിൽ ഈ സ്ഥലങ്ങൾ (പിഎംജി- പാളയം – ബേക്കറി വഴി, പിഎംജി – മ്യൂസിയം- മാനവീയംവീഥി- വഴുതക്കാട് വഴി, പി.എം.ജി- പാളയം- സെക്രട്ടറിയേറ്റ് വഴി) വഴിയെന്ന് സ്ഥലനാമ ബോർഡിൽ എഴുതിയിരിക്കും.
പരീക്ഷണാടിസ്ഥാത്തിൽ നടത്തുന്ന സർവ്വീസുകളിൽ കൂടുതൽ ആവശ്യം ഉണ്ടായാൽ ഈ വഴികളിലൂടെ തിരിച്ചുള്ള സർവ്വീസും കെഎസ്ആർടിസി പരിഗണിച്ചേക്കും.