ഇസ്രയേൽ എംബസിക്ക് സമീപത്തെ സ്ഫോടനം; ഉപയോഗിച്ചത് പിഇടിഎല്ലെന്ന് കണ്ടെത്തൽ;45000 മൊബൈലുകൾ നിരീക്ഷണത്തില്‍

ന്യൂഡെൽഹി: ഡെൽഹി ഇസ്രയേൽ എംബസിക്ക് സമീപമുണ്ടായ സ്ഫോടനത്തിന് ഉപയോഗിച്ച വസ്തു കണ്ടെത്തി. സ്‌ഫോടനത്തിന് ഉപയോഗിച്ചത് പിഇടിഎൻ (പെന്റൈറിത്രൈറ്റോൾ ടെട്രാനിട്രേറ്റ്) എന്ന് കണ്ടെത്തൽ. മിലിറ്ററി ഗ്രേഡ് സ്‌ഫോടക വസ്തുവാണ് പിഇടിഎൻ. ബോംബുകൾ നിർമ്മിക്കുന്നതിന് അൽഖ്വയ്ദ പോലുള്ള ഗ്രൂപ്പുകൾ പിഇടിഎൻ ഉപയോഗിച്ചിരുന്നു.

രാജ്യത്ത് എത്തിയ ഇറാൻ പൗരൻമാരുടെ വിവരങ്ങളും അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്. വിസ കാലാവധി കഴിഞ്ഞും തങ്ങുന്നവരെയാണ് ചോദ്യം ചെയ്യുന്നത്. വെള്ളിയാഴ്ച വൈകീട്ടാണ് പൂച്ചെട്ടിയിൽ സ്ഥാപിച്ച ശേഷി കുറഞ്ഞ ബോംബ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിൽ മൂന്ന് കാറുകൾക്ക് കേടുപാട് സംഭവിച്ചു.

ഡെൽഹി പൊലീസ് സ്‌പെഷ്യൽ സെൽ സംഭവം അന്വേഷിച്ച് വരികയാണ്. സ്‌ഫോടക വസ്തു കൊണ്ട് വെച്ചതെന്ന് സംശയിക്കുന്ന രണ്ട് പേരുടെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെ കൊണ്ടുവിട്ട ടാക്‌സി ഡ്രൈവറെ തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ സഹായത്തോടെ ഇവരുടെ രേഖാചിത്രം തയ്യാറാക്കി വരികയാണ്.

സ്‌ഫോടന സമയത്ത് സ്ഥലത്ത് ആക്ടീവായിരുന്ന 45000 മൊബൈൽ ഫോൺ വിശദാംശങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്. അന്വേഷണത്തെ സഹായിക്കാനായി ഇസ്രയേലിൽ നിന്ന് ഒരു സംഘം ഇന്ന് ഇന്ത്യയിലെത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്.

എംബസി ലക്ഷ്യം വെച്ചുള്ള ഭീകരാക്രമണമാണ് ഇന്നലെയുണ്ടായതെന്ന് ഇന്ത്യയിലെ ഇസ്രയേൽ സ്ഥാനപതി റോൺ മൽക്ക പ്രതികരിച്ചു. കുറ്റക്കാരെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സ്‌ഫോടനം നടന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ രണ്ട് ദിവസത്തെ പശ്ചിമ ബംഗാൾ സന്ദർശനം റദ്ദാക്കി.