മുന്‍ മന്ത്രിയും എംഎല്‍എയുമടക്കം അഞ്ച് തൃണമൂല്‍ നേതാക്കള്‍ നാളെ ബിജെപിയിൽ ചേരും

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻമന്ത്രി രാജീബ് ബാനർജിയടക്കം അഞ്ച് തൃണമൂൽ നേതാക്കൾ ബിജെപിയിൽ ചേരും. അതിനായി ഇവർ ന്യൂ ഡെൽഹിയിലെയ്ക്ക്‌ യാത്ര തിരിച്ചു. ഞായറാഴ്ച അമിത് ഷായുടെ നേതൃത്വത്തിൽ നടക്കുന്ന റാലിയിൽ ബിജെപിയിൽ ചേരുമെന്നാണറിയുന്നത്.

രാജീബ് ബാനർജി, എംഎൽഎമാരായ പ്രഭിർ ഘോസാൽ, വൈശാലി ദാൽമിയ, മുൻ ഹൗറ മേയർ റതിൻ ചക്രവർത്തി എന്നിവർ പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക് പറന്നെന്നാണ് റിപ്പോർട്ടുകൾ. ഇവിടെ വെച്ച് ബിജെപി ദേശീയ നേതാക്കളുമായി ഇവർ ചർച്ച നടത്തും.

പശ്ചിമ റാണാഘട്ടിൽ നിന്നുള്ള മുൻ തൃണമൂൽ എംഎൽഎ പാർഥ സാരഥി ചത്തോപാധ്യായും ഇവർക്കൊപ്പം ഡൽഹിയിലെത്തുമെന്നും വാർത്തകളുണ്ട്. അമിത് ഷാ വിളിച്ചതുപ്രകാരമാണ് ഡെൽഹിയിലെത്തുന്നതെന്നാണ് രാജീബ് ബാനർജി പറഞ്ഞത്.

“തൃണമൂലിൽ നിന്ന് രാജിവെച്ച ശേഷം ബിജെപി നേതൃത്വത്തിൽ നിന്ന് എനിക്ക് വിളി വന്നിരുന്നു. ഡൽഹിയിലേക്കെത്തണമെന്നാണ് അമിത് ഷാ പറഞ്ഞത്”, ബാനർജി പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട ഉറപ്പ് ലഭിച്ചാൽ ബിജെപിയിൽ താൻ ചേരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഹൗറയിലെ ദുമർജലയിൽ ഞായറാഴ്ച അമിത് ഷാ പങ്കെടുക്കുന്ന റാലിയിൽ വെച്ച ഇവർ ബിജെപിയിൽ ചേരുമെന്നാണ് ബിജെപി വൃത്തങ്ങൾ അറിയിക്കുന്നത്.