വിഎസ് അച്യുതാനന്ദൻ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം : വി.എസ് അച്യുതാനന്ദൻ ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവെച്ചു. അനാരോഗ്യം കാരണമാണ് രാജി. മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് കൈമാറി. നാല് വർഷവും അഞ്ച് മാസവുമാണ് വി എസ് ഭരണ പരിഷ്കാര അധ്യക്ഷ സ്ഥാനത്തുണ്ടായിരുന്നത്.

ഇനിയീ സ്ഥാനത്ത് തുടരാൻ താത്പര്യമില്ലെന്ന് സർക്കാരിനെയും പാർട്ടിയേയും മുഖ്യമന്ത്രിയെയും അറിയിച്ചിരുന്നു. മുഖ്യമന്ത്രിക്കാണ് രാജിക്കത്ത് നൽകിയിരിക്കുന്നത്. ഇതിന്റെ മുന്നോടിയായി ഒരു മാസം മുമ്പ് ഔദ്യോഗിക വസതിയിൽ നിന്ന് ഒഴിഞ്ഞ് മകന്റെ വീട്ടിലേക്ക് ഇദ്ദേഹം താമസം മാറിയിരുന്നു.

ഭരണപരിഷ്കാര കമ്മീഷന്‍ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ നാലര വര്‍ഷമായി പ്രവര്‍ത്തിക്കുകയും പതിനൊന്ന് പഠന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തുകഴിഞ്ഞു. ഇതിനു വേണ്ടി സംസ്ഥാനത്തുടനീളം സഞ്ചരിക്കുകയും ജനങ്ങളുമായി സംവദിക്കുകയും ചെയ്തു. രണ്ട് റിപ്പോര്‍ട്ടുകള്‍കൂടി തയ്യാറാക്കിയിട്ടുണ്ട്. അതിന്‍റെ പ്രിന്‍റിങ്ങ് ജോലികള്‍ തീരുന്ന മുറയ്ക്ക് അതും സര്‍ക്കാരിന് സമര്‍പ്പിക്കാനാവും.

ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ തുടരാനാവാതെ വന്നിരിക്കുന്നു. തലച്ചോറിലുണ്ടായ രക്തപ്രവാഹത്തെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ കര്‍ശന നിബന്ധനകള്‍ക്ക് വിധേയമായി തുടരുന്നതിനാല്‍, യോഗങ്ങള്‍ നടത്താനോ, ചര്‍ച്ചകള്‍ സംഘടിപ്പിക്കാനോ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍, നാളെ (ജനുവരി 31) ഭരണപരിഷ്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം രാജിവെക്കുന്നതായി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

യജ്ഞത്തില്‍ സഹകരിച്ച എല്ലാവരോടും അകൈതവമായ കൃതജ്ഞത അറിയിക്കുന്നു. സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടുകളില്‍ കൈക്കൊള്ളുന്ന തുടര്‍ നടപടികളാണ് കമ്മീഷന്‍ ചെലവഴിച്ച തുകയുടെ മൂല്യം നിശ്ചയിക്കുകയെന്ന് വി എസ് പത്രക്കുറിപ്പിൽ അറിയിച്ചു.

ഒട്ടനവധി ശുപാർശകൾ ഇക്കാലയളവിൽ വിഎസ് അധ്യക്ഷനായ സമിതി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. അഴിമതിക്കെതിരായ വിജിലൻസിന്റെ പരിഷ്കാരം സംബന്ധിച്ച റിപ്പോർട്ടുകൾ, സിവിൽ സർവ്വീസ് പരിഷ്കരണം, ഇ- ഗവേണനൻസുമായി ബന്ധപ്പെട്ട ശുപാർശകൾ എന്നിവ ശ്രദ്ധേയമായിരുന്നു.