കൊച്ചി: ഭൂമി തരംമാറ്റത്തിനെന്ന പേരിൽ സംസ്ഥാനത്ത് അനധികൃത ഏജൻസികൾ വ്യാപകമാവുന്നു. ഡാറ്റാബാങ്കിൽ ഉൾപ്പെട്ട വയലുകളടക്കം തരം മാറ്റി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഇവയുടെ പ്രവര്‍ത്തനം. ‘ഭൂമി തരം മാറ്റാം, ഫീസ് അടച്ചും അടക്കാതെയും’ എന്നാണ് സംസ്ഥാനത്ത് ആളുകൂടുന്നിടത്തെല്ലാം വ്യാപകമായ ഈ ബോർഡുകൾ അവകാശപ്പെടുന്നത്.
പരസ്യത്തിൽ കാണുന്ന നമ്പറിൽ വിളിച്ചാൽ സംസ്ഥാനത്ത് എവിടെയുള്ള ഭൂമിയാണെങ്കിലും അടുത്ത ദിവസം തന്നെ ഏജന്റ് അവിടെയെത്തും. എന്ത് നിയമതടസം ഉണ്ടായാലും ഇവർ പരിഹരിച്ച് തരുമെന്നാണ് വാഗ്ദാനം.
50 സെന്റിന് താഴെയുള്ള ഭൂമിയാണെങ്കിൽ 3 ലക്ഷം രൂപയ്ക്ക് തരം മാറ്റികിട്ടും. സർക്കാരിലേക്ക് അടക്കേണ്ട ഫീസ് വേറെയും. പരിവർത്തന ഭൂമിയാണെങ്കിൽ ഈ ഫീസ് ഒഴിവാക്കിത്തരാനുമാകുമെന്നാണ് വാഗ്ദാനം. ഏജൻസിയുടെ മെയിൻ ഓഫീസ് എറണാകുളം അയ്യപ്പൻ കാവിലാണ്. അനധികൃതമെന്ന് അറിയാവുന്നത് കൊണ്ട് തന്നെ വിഡിയോ ജാമാറുകളടക്കം ഘടിപ്പിച്ചാണ് ഓഫീസ് പ്രവർത്തിക്കുന്നത്.