ന്യൂഡെൽഹി: ദേശീയ പതാകയും റിപ്പബ്ലിക് ദിനം പോലുള്ള വിശേഷ ദിനവും, കഴിഞ്ഞ ദിവസങ്ങളിൽ അപമാനിക്കപ്പെട്ടുവെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അഭിപ്രായ സ്വാതന്ത്ര്യം പ്രധാനം ചെയ്യുന്നത് ഭരണഘടനയാണ്. അതേ ഭരണഘടന തന്നെയാണ് നിയമവും നിയമങ്ങളും ഗൗരവമായി പാലിക്കേണ്ടതുണ്ടെന്നും നമ്മെ പഠിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബജറ്റ് സമ്മേളനത്തിന് തുടക്കമിട്ടുകൊണ്ട് പാർലമെന്റിന്റെ ഇരുസഭകളേയും അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ റിപ്പബ്ലിക്ദിനത്തിൽ നടന്ന ട്രാക്ടർ പരേഡിനിടെ ചെങ്കോട്ടയിൽ നടന്ന അക്രമസംഭവങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു രാഷ്ട്രപതിയുടെ പ്രതികരണം.
പുതിയ മൂന്ന് കാർഷിക നിയമങ്ങൾ രൂപീകരിക്കുന്നതിന് മുമ്പ് ലഭ്യമായിരുന്ന അവകാശങ്ങളും സൗകര്യങ്ങളും വെട്ടിക്കുറയ്ക്കില്ലെന്ന് സർക്കാർ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. വാസ്തവത്തിൽ ഈ പുതിയ കാർഷിക പരിഷ്കാരങ്ങളിലൂടെ സർക്കാർ കർഷകർക്ക് പുതിയ സൗകര്യങ്ങളും അവകാശങ്ങളും നൽകിയിട്ടുണ്ട്.
ചെറുകിട, നാമമാത്ര കർഷകരും തന്റെ സർക്കാരിന്റെ മുൻഗണനയാണ്. അത്തരം കർഷകരെ അവരുടെ ചെലവുകൾക്ക് സഹായിക്കുന്നതിനായി പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിയിലൂടെ 1,13,000 കോടി രൂപ അവരുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ കാലഘട്ടത്തിൽ ഓരോ ഇന്ത്യക്കാരന്റെയും ജീവൻ രക്ഷിക്കുന്നതിനിടയിൽ സമ്പദ് വ്യവസ്ഥ നേരിട്ട തകർച്ചയിയിൽ നിന്ന് രാജ്യം കരകയറുകയാണ്. ഈ ദുഷ്കരമായ സമയത്ത് പോലും ആഗോള നിക്ഷേപകരുടെ ആകർഷകമായ ലക്ഷ്യസ്ഥാനമായി ഇന്ത്യ മാറിയിരിക്കുന്നു
കൊറോണവൈറസ് മഹാമാരിയെ നേരിടുന്നതിന് സർക്കാർ സമയബന്ധിതമായി എടുത്ത തീരുമാനത്തിൽ താൻ സംതൃപ്തനാണെന്നും ഇത് ലക്ഷകണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചെന്നും പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
‘മഹാമാരിക്കെതിരായ ഈ പോരാട്ടത്തിൽ നമുക്ക് നിരവധി പൗരൻമാരെ നഷ്ടമായി. ഈ കൊറോണ കാലഘട്ടത്തിൽ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചു. കൊറോണ മൂലം ആറ് എംപിമാർ അകാലത്തിൽ നമ്മെ വിട്ടുപോയി. എല്ലാവർക്കും ആദരാജ്ഞലി അർപ്പിക്കുന്നു’ രാംനാഥ് കോവിന്ദ് പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവെപ്പ് പരിപാടി ഇന്ത്യ നടത്തുന്നത് അഭിമാനകരമാണ്. ഈ വാക്സിനേഷൻ പദ്ധതിയിൽ രണ്ടു വാക്സിനുകളും ഇന്ത്യയിലാണ് നിർമിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയിൽ ഇന്ത്യ മനുഷ്യരാശിയോടുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുകയും നിരവധി രാജ്യങ്ങൾക്ക് ലക്ഷക്കണക്കിന് ഡോസ് വാക്സിനുകൾ നൽകുകയും ചെയ്തു.
രാജ്യത്തൊട്ടാകെയുള്ള 24,000 ആശുപത്രികളിൽ ആയുഷ്മാൻ ഭാരത് യോജനയുടെ സൗകര്യങ്ങൾ ലഭിക്കും. ജൻഔഷധി പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 7000 കേന്ദ്രങ്ങളിൽ പാവപ്പെട്ടവർക്ക് വളരെ കുറഞ്ഞ നിരക്കിൽ മരുന്നുകൾ ലഭിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.