ന്യൂഡെൽഹി: എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ നടത്തിപ്പ് സ്വകാര്യകമ്പനിക്ക് കൈമാറും. കേരളത്തിലെ തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളിലൊന്നാണ് എറണാകുളം ജംഗ്ഷൻ. സ്വകാര്യ കമ്പനികളിൽനിന്ന് റെയിൽവേ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന റെയിൽ ലാൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ആർ.എൽ.ഡി.എ) ഓൺ ലൈനായി ടെണ്ടറുകൾ ക്ഷണിച്ചു.
229 കോടി ചെലവിൽ അത്യാധുനിക സൗകര്യങ്ങൾ ഒരുക്കും. ഫെബ്രുവരി 22വരെ ടെണ്ടർ സ്വീകരിക്കും. കഴിഞ്ഞ ദിവസം നടന്ന പ്രീ ബിഡ് ചർച്ചയിൽ അദാനി ഗ്രൂപ്പ്, കൽപ്പതാരു ഗ്രൂപ്പ്, ആങ്കറേജ് ഇൻഫ്രാസ്ട്രക്ചർ, ജി.എം.ആർ ഗ്രൂപ്പ് തുടങ്ങിയവർ പങ്കെടുത്തതായി ആർഎൽഡിഎ പറഞ്ഞു.
60 വർഷത്തേക്കാകും സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിന് നൽകുക. രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളുടെ നടത്തിപ്പ് സ്വകാര്യ കമ്പനികൾക്ക് കൈമാറാൻ കേന്ദ്രസർക്കാർ നേരത്തേ തീരുമാനിച്ചിരുന്നു. ആദ്യഘട്ടത്തിൽ ന്യൂഡൽഹി, തിരുപ്പതി, ഡെറാഡൂൺ, നെല്ലോർ, പുതുച്ചേരി, എറണാകുളം തുടങ്ങിയ സ്റ്റേഷനുകളാകും കൈമാറുക.
സ്റ്റേഷന്റെ നവീകരണത്തിനും നടത്തിപ്പിനുമാകും അനുമതി. രൂപകൽപ്പന, നിർമാണം, ഫണ്ട്, പ്രവർത്തനങ്ങൾ തുടങ്ങിയവ സ്വകാര്യ കമ്പനികൾക്ക് നിയന്ത്രിക്കാനാകും. മൂന്നുവർഷത്തിനകം സ്റ്റേഷന്റെ നവീകരണം നടത്താനാണ് നിർദേശം. 48 ഏക്കർ വിസ്തൃതിയുള്ള എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആറു പ്ലാറ്റ്ഫോമുകളും രണ്ടു ടെർമിനൽ കെട്ടിടങ്ങളുമാണുള്ളത്. ഇവ സ്വകാര്യകമ്പനികൾക്ക് കൈമാറും.
കൊച്ചി നഗരത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനായതിനാലും സമീപത്ത് കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, മെട്രോ സ്റ്റേഷൻ തുടങ്ങിയവയുള്ളതിനാലും മികച്ച വാണിജ്യ സാധ്യതയാണെന്നും പ്രസ്താവനയിൽ പറയുന്നു. ലോകോത്തര നിലവാരത്തിലേക്ക് റെയിൽവേ സ്റ്റേഷനെ ഉയർത്തലാണ് ലക്ഷ്യമെന്നും പ്രസ്താവനയിൽ പറയുന്നു.