കൊറോണ പ്രതിരോധം ; അത്യാവശ്യമല്ലാത്ത രാത്രിയാത്രകൾ ഒഴിവാക്കാൻ നിർദേശം; മാളുകളിലും മാർക്കറ്റുകളിലും ബസ്-റെയിൽവേ സ്റ്റേഷനുകളിലും പൊലീസ് നിരീക്ഷണം ശക്തമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കടുത്ത നടപടികളുമായി സംസ്ഥാനസർക്കാർ. അത്യാവശ്യമല്ലാത്ത പക്ഷം രാത്രി 10 മണിക്ക് ശേഷമുള്ള യാത്രകൾ ജനങ്ങൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാസ്‌കും സാമൂഹിക അകലം പാലിക്കലും ഉറപ്പാക്കും. ഇതിനായി നാളെ മുതൽ ഫെബ്രുവരി പത്ത് വരെ 25000 പൊലീസുകാരെ നിരീക്ഷണത്തിന് നിയോഗിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

കൊറോണ ടെസ്‌റ്റുകളുടെ എണ്ണം പ്രതിദനം ഒരുലക്ഷമായി വർദ്ധിപ്പിക്കാൻ നിർദേശം നൽകി. നിലവിൽ വിന്യസിച്ചിട്ടുള്ള സെക്‌ടറൽ മജിസ്‌ട്രേറ്റുമാരുടെ എണ്ണം വർദ്ധിപ്പിക്കും. കൊറോണ വ്യാപനം തടയാൻ മാളുകളിലും മാർക്കറ്റുകളിലും ബസ് സ്റ്റോപ്പുകൾ, റെയിൽവേ സ്റ്റേഷുകൾ പൊലീസ് നിരീക്ഷണം ശക്തമാക്കും.

കൊറോണ വ്യാപനത്തിന് കാരണമാകുന്ന സാഹചര്യം ഒഴിവാക്കണം. പൊതുസമ്മേളനങ്ങൾ, വിവാഹം തുടങ്ങിയ പരിപാടികൾ അടച്ചിട്ട ഹാളുകളിൽ പരിപാടി നടത്തുന്നത് കൊറോണ വ്യാപനത്തിന് കാരണമാകുന്ന സാഹചര്യമുണ്ട്. അടച്ചിട്ട ഹാളുകൾക്ക് പകരം തുറന്നിട്ട സ്ഥലങ്ങളിലും വേദിയിലും വച്ചു വേണം പരിപാടി നടത്താനെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപായി കൊറോണ വ്യാപനം നിയന്ത്രിക്കാൻ വാർഡ് തല സമിതികൾ ഉണ്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിനെ തുടർന്ന് വാർഡ് തല സമിതി നീർജീവമായിരുന്നു. ഇപ്പോൾ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെല്ലാം തെരഞ്ഞെടുപ്പ് പൂർത്തിയായി പുതിയ ഭരണസമിതി വന്ന സാഹചര്യത്തിൽ വാർഡ് തല സമിതികൾ പുനരുജ്ജീവിപ്പിക്കാനും സർക്കാർ തീരുമാനിച്ചു.