ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ചെന്നൈയിലെ പയസ് ഗാർഡനിലെ കൊട്ടാര സമാനമായ വീട് സ്മാരക മന്ദിരമാക്കി പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. തമിഴ്നാട് മുഖ്യമന്ത്രി പളനിസ്വാമിയാണ് വേദനിലയം സ്മാരകമായി അനാഛേദനം നടത്തിയത്. ഉപമുഖ്യമന്ത്രി പനീർ സെൽവവും ചടങ്ങിൽ പങ്കെടുത്തു. അതേസമയം പൊതുജനങ്ങൾക്കായി വസതി ഇപ്പോൾ തുറന്നു കൊടുക്കുന്നില്ല.
മദ്രാസ് ഹൈക്കോടതി ഇതിന് വിലക്കേർപ്പെടുത്തിയതാണ് കാരണം.വേദനിലയം എന്ന പേരിലറിയപ്പെടുന്ന ജയലളിതയുടെ വസതിയാണ് സ്മാരകമാക്കിയിരിക്കുന്നത്. വേദനിലയം സ്മാരകമാക്കുന്നതിനെതിരെ ജയലളിതയുടെ അനന്തരവരായ ദീപക്കും ദീപയും കോടതിയിൽ നൽകിയ ഹരജിയിൽ തമിഴ്നാട് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു.
ഉദ്ഘാടന ചടങ്ങ് നടത്താമെന്നും എന്നാൽ വസതി പൊതുജനങ്ങൾക്ക് സന്ദർശനത്തിനായി തുറന്നു കൊടുക്കരുതെന്നുമായിരുന്നു കോടതി ഉത്തരവ്. ഇപിഎസ്, ഒപിഎസ് ഗ്രൂപ്പുകൾ ഉൾപ്പെടെയുള്ള എഐഎഡിഎംകെ നേതാക്കൻമാരും നിയമസഭാ സ്പീക്കർ പി ധനപാലും വേദനിലയത്തിനുള്ളിൽ ദീപം തെളിയിച്ചു.
പൊതുജനങ്ങൾക്ക് പരിപാടിയിലേക്ക് പ്രവേശിക്കാൻ അനുമതി ഇല്ലായിരുന്നെങ്കിലും വേദനിലയത്തിനു ചുറ്റും നിരവധി ആളുകളാണ് തടിച്ചു കൂടിയത്. ജയലളിതയുടെ ശവകുടീരം വലിയ സ്മാരകമാക്കി ഉയർത്തിയതിനു പിന്നാലെയാണ് ഇപ്പോൾ വസതിയും സ്മാരക മന്ദിരമാക്കിയിരിക്കുന്നത്.
വേദനിലയത്തിൽ ഇപ്പോഴും ജയലളിതയുടെ നിരവധി വിലപിടിപ്പുള്ള ശേഖരണങ്ങളുണ്ട്. 601.4 കിലോ തൂക്കത്തിൽ വെള്ളി കൊണ്ടുള്ളതും 4.4 കിലോ തൂക്കത്തിൽ സ്വർണം കൊണ്ടുള്ളതുമായ ആഭരണങ്ങൾ മറ്റുമുണ്ടെന്നതാണ് റിപ്പോർട്ട്. ഇതിനു പുറമെ നിരവധി ഔദ്യോഗിക രേഖകളും മറ്റും വേദനിലയത്തിനുള്ളിലുണ്ട്.