ബജറ്റ് അവതരണ ദിവസം പാര്‍ലമെന്റിലേക്ക് കര്‍ഷകമാര്‍ച്ച് ഉണ്ടാകില്ല; തീരുമാനം ഉടൻ

ന്യൂഡെൽഹി: ഡെൽഹിയെ സംഘർഷഭൂമിയാക്കിയ ട്രാക്ടർ റാലിക്ക് പിന്നാലെ പാർലമെന്റിലേക്ക് പ്രഖ്യാപിച്ച മാർച്ച് കർഷക സംഘടനകൾ പിൻവലിച്ചേക്കും. ഇക്കാര്യത്തിൽ കർഷക സംഘടനകൾ ഉടൻ ഔദ്യോഗിക പ്രസ്താവന ഇറക്കും. പാർലമെന്റിൽ ബജറ്റ് അവതരണം നടക്കുന്ന ഫെബ്രുവരി ഒന്നിനാണ് മാർച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. ട്രാക്ടർ പരേഡിൽ വ്യാപക സംഘർഷമുണ്ടായതിന് പിന്നാലെയാണ് കർഷകരുടെ പുനരാലോചന.

കഴിഞ്ഞ രണ്ടു മാസത്തിലേറെയായി സമാധാനപരമായി നടന്നിരുന്ന കർഷക സമരം റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ പരേഡോടുകൂടി രൂപവും ഭാവവും മാറിയിരുന്നു. പതിനൊന്ന് വട്ടം കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തിയിട്ടും സമവായത്തിലെത്താൻ കഴിഞ്ഞിരുന്നില്ല.

നവംബർ 26-നാണ് ഡെൽഹി ചലോ എന്ന മുദ്രാവാക്യവുമായി കർഷക സംഘടനകൾ ഡെൽഹിയുടെ മൂന്ന് അതിർത്തികളടച്ച് സമരമാരംഭിച്ചത്. കാർഷിക മേഖലയുടെ വളർച്ചയ്ക്ക് അനിവാര്യമാണെന്ന് അവകാശപ്പെട്ട് കേന്ദ്ര സർക്കാർ കൊണ്ടുവന്ന മൂന്ന് നിയമങ്ങൾക്കെതിരെയാണ് കർഷക സംഘടനകൾ രംഗത്തിറങ്ങിയത്.

കഴിഞ്ഞ ദിവസം നടന്ന ട്രാക്ടർ പരേഡ് ഡെൽഹി നഗരത്തെ ഒന്നടങ്കം സ്തംഭിപ്പിച്ചിരുന്നു. പ്രതിഷേധക്കാരും പോലീസും വിവിധയിടങ്ങളിൽ ഏറ്റുമുട്ടി. ക്രമസമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാരിന് കൂടുതൽ സേനാവിന്യാസവും ഇന്റർനെറ്റ് വിച്ഛേദനമടക്കമുള്ള നടപടികളും കൈക്കൊള്ളേണ്ടി വന്നിരുന്നു. എന്നാൽ സമരത്തിൽ ചില ആളുകൾ നുഴഞ്ഞു കയറി മനഃപൂർവ്വം പ്രശ്നങ്ങളുണ്ടാക്കിയെന്നാണ് കർഷക സംഘടനകളുടെ ആരോപണം.