തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി എൽഡിഎഫ് ജാഥ ഫെബ്രുവരി 13,14 തിയതികളിൽ ആരംഭിക്കും. സി പി എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവനും സി പി ഐ നേതാവ് ബിനോയ് വിശ്വവുമാകും ജാഥകൾ നയിക്കുക. സി പി എം, സി പി ഐ സംസ്ഥാന സെക്രട്ടറിമാർ ജാഥ നയിക്കാനാണ് മുന്നണി യോഗം തീരുമാനിച്ചത്.
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജാഥാ ക്യാപ്റ്റൻ സ്ഥാനത്തു നിന്നും സി പി ഐ സെക്രട്ടറി കാനം രാജേന്ദ്രൻ പിന്മാറി. തുടർന്ന് ജാഥ നയിക്കാൻ പാർട്ടി നേതാവ് ബിനോയ് വിശ്വത്തെ സി പി ഐ പ്രതിനിധിയായി നിശ്ചയിക്കുകയായിരുന്നു.
വടക്കൻ മേഖലാ ജാഥ ഫെബ്രുവരി 13ന് കാസർകോട് നിന്നും തെക്കൻ മേഖലാ ജാഥ 14ന് എറണാകുളത്ത് നിന്നും തുടങ്ങും. ഫെബ്രുവരി 26ന് ജാഥ അവസാനിക്കും. തൃശൂരിലും തിരുവനന്തപുരത്തും ആയിട്ടായിരിക്കും ജാഥകളുടെ സമാപനം. ഇന്നത്തെ ഇടതു മുന്നണി യോഗത്തിൽ സീറ്റ് വിഭജനം ചർച്ചയായില്ല. അതു പിന്നീടാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പാലാ സീറ്റുമായി ബന്ധപ്പെട്ട് ഇടഞ്ഞുനിൽക്കുന്ന മാണി സി കാപ്പൻ എൽ ഡി എഫ് യോഗത്തിൽ പങ്കെടുത്തില്ല.
ഉഭയകക്ഷി ചർച്ചകൾ ഉടൻ തുടങ്ങാനും മുന്നണി യോഗത്തിൽ തീരുമാനമായി. ഇതിന്റെ ഭാഗമായി എൽ ഡി എഫ് യോഗത്തിന് പിന്നാലെ സി പി എം, സി പി ഐ സംസ്ഥാന സെക്രട്ടറിമാർ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗവുമായി ചർച്ച നടത്തി. എ വിജയരാഘവൻ, കാനം രാജേന്ദ്രൻ, ജോസ് കെ മാണി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും പാണക്കാട്ടേക്ക് പോയതിന്റെ രാഷ്ട്രീയ സന്ദേശം കൃത്യമാണെന്നും മതമൗലികവാദികളുമായുളള കൂട്ടുകെട്ട് വിപുലീകരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും മുന്നണി കൺവീനർ എ വിജയരാഘവൻ യോഗത്തിന് ശേഷം പറഞ്ഞു. ഈ നിലയിലേക്ക്
കോൺഗ്രസ് നേതൃത്വം ചുരുങ്ങി പോയിരിക്കുന്നു. നാടിന് വേണ്ടത് വികസന കാഴ്ചപ്പാടും നവോത്ഥാന മൂല്യങ്ങളും പരിരക്ഷയുമാണെന്നും വിജയരാഘവൻ പറഞ്ഞു.താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ യാതൊരു മടിയുമില്ലാത്ത അണികളെ സൃഷ്ടിച്ചതാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ ഏറ്റവും വലിയ മികവായി അവർ കാണുന്നത്. യു ഡി എഫിനെ നിയന്ത്രിക്കുന്നത് ലീഗാണെന്നും വിജയരാഘവൻ കൂറ്റപ്പെടുത്തി.