വസ്ത്രത്തിന് പുറത്തുകൂടിയുള്ള സ്പര്‍ശനം ലൈംഗിക അതിക്രമമല്ലെന്ന ബോംബെ ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ

ന്യൂഡെൽഹി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ വസ്ത്രം മാറ്റാതെ സ്പര്‍ശിക്കുന്നത് ലൈംഗിക പീഡനമല്ലെന്ന ബോംബെ ഹൈക്കോടതിയുടെ ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ‌ അധ്യക്ഷനായ ബെഞ്ചാണ് വിവാദ ഉത്തരവ് സ്‌റ്റേ ചെയ്തത്. ഉത്തരവിന് അടിസ്ഥാനമായ കേസിലെ പ്രതിയെ പോക്സോ സെക്ഷൻ 8-ൽ നിന്ന് കുറ്റവിമുക്തനാക്കുന്ന ഉത്തരവ് രണ്ടാഴ്ചത്തേക്കാണ് സ്റ്റേ ചെയ്തത്. വസ്ത്രത്തിന് പുറത്തുകൂടിയുള്ള സ്പര്‍ശനം പോക്സോ നിയമപ്രകാരം ലൈംഗിക അതിക്രമത്തിന്‍റെ പരിധിയില്‍പ്പെടില്ലെന്നായിരുന്നു ബോംബെ ഹൈക്കോടതി ഉത്തരവ്.

വിവാദ ഉത്തരവ് അറ്റോണി ജനറൽ കെകെ വേണുഗോപാൽ ശ്രദ്ധയിൽപ്പെടുത്തിയതിനു പിന്നാലെയാണ് സുപ്രീം കോടതി നടപടി. ഉത്തരവ് ചോദ്യം ചെയ്തുള്ള വിശദമായ ഹർജി സമർപ്പിക്കാൻ സുപ്രീം കോടതി എജിയോട് നിർദേശിച്ചു. പോക്സോ സെക്ഷൻ 8 പ്രകാരം ലൈംഗീക അതിക്രമത്തിന് കേസ് രജിസ്റ്റർ ചെയ്യാൻ നേരിട്ടുള്ള സ്പർശനം വേണമെന്ന നിരീക്ഷണം ഗുരുതരമായ കീഴ് വഴക്കം സൃഷ്ടിക്കുമെന്നും എ.ജി ചൂണ്ടിക്കാട്ടി.

നേരത്തെ തൊലിപ്പുറത്തല്ലാത്ത ഉപദ്രവങ്ങൾ ലൈംഗികാതിക്രമത്തിന്‍റെ പരിധിയില്‍പ്പെടുത്തി പോക്സോ രജിസ്റ്റർ ചെയ്യാനാവില്ലെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു.ബോബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചാണ് ജസ്റ്റിസ് പുഷ്പ വി ഗനേഡിവാലയാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. പോക്സോ രജിസ്റ്റർ ചെയ്യണമെങ്കിൽ തൊലിയും തൊലിയും തമ്മില്‍ സ്പര്‍ശനം ഉണ്ടാവണമെന്നായിരുന്നു കോടതി വിധി.

31 വയസ്സുകാരന്‍ 12 വയസ്സുള്ള കുട്ടിയുടെ മാറിടത്തിൽ പിടിച്ച കേസിൽ വിധി പറയവേയായിരുന്നു പുഷ്പ ഗനേഡിവാലയുടെ സിംഗിൾ ബഞ്ചിന്‍റെ വിവാദ പരാമര്‍ശം. 12 വയസ്സുകാരിയെ പേരയ്ക്കാ നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തുകയും മാറിടത്തിൽ സ്പർശിക്കുകയും വസ്ത്രം മാറ്റാൻ ശ്രമിച്ചുവെന്നുമാണ് കേസ്.

സെക്ഷൻ 8 പ്രകാരം വസ്ത്രം മാറ്റി ശരീരഭാഗങ്ങൾ തമ്മിൽ സ്പർശിക്കാതെ മാറിടത്തിൽ തൊടുന്നത് ലൈംഗീക അതിക്രമത്തിന്റെ പരിധിയിൽപ്പെടില്ലെന്നായിരുന്നു കോടതി നിരീക്ഷണം. കേസില്‍ പോക്‌സോ വകുപ്പുകള്‍ റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു.