കൽപ്പറ്റ: വയനാട്ടിൽ കൊറോണ രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുന്നുവെന്ന് റിപ്പോർട്ട്. ദിവസവും 200ന് മുകളിലായിരിക്കും സമ്പർക്ക രോഗികളുടെ മാത്രം കണക്ക്. ചില ദിവസങ്ങളിൽ മുഴുവൻ രോഗികളും സമ്പർക്കം തന്നെയായിരിക്കും. ഇക്കാരണത്താൽ മുമ്പെങ്ങുമില്ലാത്ത വിധം കൊറോണ രോഗികൾ വർധിച്ചിരിക്കുകയാണ് വയനാട്ടിൽ.
കൊറോണ പോസിറ്റീവായി വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളിൽ പങ്കെടുക്കുന്നതായി ചിലയിടങ്ങളിൽ റിപ്പോർട്ടുണ്ട്, ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് ജില്ല ഭരണകൂടം.
നിയന്ത്രണങ്ങൾ ലംഘിക്കുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് ആരോഗ്യരംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു. രോഗികൾ പുറത്തിറങ്ങി സാധാരണ മട്ടിൽ ഇടപഴകുന്നത് ഗുരുതരമായ സാഹചര്യമാണെന്നും പകർച്ചവ്യാധി നിയന്ത്രണ നിയമത്തിന്റെ ലംഘനമാണെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി.
ഇത്തരത്തിൽ പ്രവർത്തിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും ജില്ല മെഡിക്കൽ ഓഫീസർ ഡോ ആർ രേണുക അറിയിച്ചു. വയോജനങ്ങളിലും മറ്റു രോഗങ്ങൾ ഉള്ളവരിലും കൊറോണ ഗുരുതരമാവുകയും മരണ കാരണമാകുകയും ചെയ്യുന്നുണ്ട്. നാൾക്കുനാൾ ഇത്തരം സംഭവങ്ങളെ കാര്യങ്ങളെ ഗൗരവപൂർവ്വം സമീപിക്കണമെന്നും കൊറോണ വ്യാപനം നിയന്ത്രിക്കുന്നതിന് ഏവരും ഒരേ മനസ്സോടെ പ്രവർത്തിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർഥിച്ചു.