സ്വിഫ്റ്റിന്റെ ഘടനയിൽ മാറ്റം വരുത്തും; കെഎസ്ആർടിസിക്ക് കീഴിൽ ഉപകോർപ്പറേഷൻ ആക്കാൻ സാധ്യത

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പുതിയ കമ്പനിയായ സ്വിഫ്റ്റിന്റെ ഘടനയിൽ മാറ്റം വരുത്തിയേക്കും. തൊഴിലാളി യൂണിയനുകളുടെ കടുത്ത എതിർപ്പ് കണക്കിലെടുത്താണിത്. സൂപ്പർ ഫാസ്റ്റ് ബസ്സുകളെ സ്വിഫ്റ്റിന്റെ ഭാഗമാക്കില്ല. സ്വിഫ്റ്റിനെ പുതിയ കമ്പനിയാക്കുന്നതിന് പകരം കെഎസ്ആർടിസിക്ക് കീഴിലുള്ള ഉപ കോർപ്പറേഷൻ ആക്കാനും നീക്കമുണ്ട്.

കെഎസ്ആർടിസിയിലെ പുനരുദ്ധാരണ പാക്കേജിന്‍റെ ഭാഗമായി ഉപകമ്പനി രൂപീകരിക്കുമെന്ന് കഴിഞ്ഞ ഒക്ടോബര്‍ 26നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. കിഫ്ബിയുടെ ധനസഹായത്തോടെ പുതിയ ബസ്സുകള്‍ വാങ്ങാനും തീരുമാനമായി. തിരിച്ചടവ് ഉറപ്പ് വരുത്താനായി പുതിയ ബസുകള്‍ക്കായി ഉപകോര്‍പ്പറേഷന്‍ രൂപീകരിക്കാനായിരുന്നു ധനവകുപ്പിന്‍റെ നിര്‍ദ്ദേശം. എന്നാല്‍ ജൻറം ബസുകൾക്കായി കെയുആര്‍ടിസി രൂപീകരിച്ചിട്ടും നേട്ടമുണ്ടാക്കാനാകാത്ത സാഹചര്യത്തല്‍ പുതിയ കമ്പനിയാകാമെന്ന് തീരുമാനത്തിലെത്തി.

സൂപ്പര്‍ ഫാസ്റ്റ് മുതലുള്ള എല്ലാ ബസ്സുകളും പുതിയ ബസ്സുകളും സ്വിഫ്റ്റിലേക്ക് മാറ്റാനും നിര്‍ദ്ദേശമുണ്ടായെങ്കിലും ഇത് കെഎസ്ആര്‍ടിസിയെ തകര്‍ക്കുമെന്ന് യൂണിയനുകള്‍ കര്‍ശന നിലപാടടെുത്തു. ഈ സാഹചര്യത്തിലാണ് സ്വിഫ്റ്റില്‍ ഭേദഗതി വരുത്താന്‍ നീക്കം നടക്കുന്നത്.

പുതിയ ബസ്സുകള്‍ മാത്രം പുതിയ കമ്പനിക്ക്, പുതിയ കമ്പനിയെ കെഎസ്ആര്‍ടിസിയുടെ കീഴിലുള്ള ഉപകോര്‍പ്പറേഷനാക്കുക എന്നീ മാറ്റങ്ങളാണ് പരിഗണനയിലുള്ളത്. തൊഴിലാളി യൂണിയനുകളുമായി കഴിഞ്ഞയാഴ്ച നടന്ന ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ എംഡി ബിജു പ്രഭാകര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.