ന്യൂഡെൽഹി: കേന്ദ്രസർക്കാർ ചൊവ്വാഴ്ച പുറത്തു വിട്ട കൊറോണ സ്ഥിതിവിവരകണക്കുകൾ പ്രകാരം രാജ്യത്ത് തന്നെ കൊറോണ വ്യാപനം ഏറ്റവും ശക്തമായ സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. നിലവിൽ എല്ലാം ദിവസവും ഏറ്റവും കൂടുതൽ പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും ഏറ്റവും കൂടുതൽ കൊറോണ രോഗികൾ ചികിത്സയിൽ കഴിയുന്നതും കേരളത്തിലാണ്. എന്നാൽ സാംപിളുകളുടെ പരിശോധനയിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം പിന്നിലാണ്.
കണ്ണൂര്‍, എറണാകുളം ,തിരുവനന്തപുരം ജില്ലകൾ അടക്കം സംസ്ഥാനത്തെ എട്ട് ജില്ലകളിൽ കൊറോണ രോഗികളുടെ എണ്ണം അപകടകരമാം വിധം കൂടുകയാണ്. പ്രതിദിന കൊറോണ രോഗികളുടെ എണ്ണവും ആകെ രോഗികളുടെ എണ്ണവും രാജ്യത്ത് തന്നെ ഏറ്റവും കൂടുതലായ കേരളത്തില്‍ പക്ഷേ പരിശോധിക്കുന്ന സാംപിളുകളുടെ എണ്ണം വളരെ കുറവാണ്.
ഏഴ് ദിവസം കൊണ്ട് രോഗികളുടെ എണ്ണത്തില്‍ 15 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ജില്ലകളുടെ കണക്കെടുത്താൽ അതും ഞെട്ടിക്കുന്നതാണ്. കണ്ണൂരില്‍ 40 ശതമാനം വര്‍ധനയുണ്ടായി, രോഗികളുടെ എണ്ണം ഏറ്റവും കുറവായിരുന്ന വയനാട് ജില്ലയില്‍ ഒരാഴ്ചയില്‍ ഉണ്ടായ വര്‍ധന 34 ശതമാനമാണ്. തിരുവനന്തപുരത്ത് 33ശതമാനവും കൊല്ലത്ത് 31ശതമാനവും കോട്ടയത്ത് 25ശതമാനവും ആണിത്.
കൊറോണ ഗുരുതരമാകുന്നവരുടെ എണ്ണവും കഴിഞ്ഞ രണ്ടാഴ്ചക്കിടെ കൂടിയിട്ടുണ്ട്. രോഗ വ്യാപനം ഇതേ നിരക്കില്‍ തുടര്‍ന്നാൽ തീവ്രപരിചരണമടക്കം പ്രതിസന്ധിയിലായേക്കും. കൊറോണ രോഗികളുടെ മരണ നിരക്ക് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിടിച്ചു നിര്‍ത്താനായത് മാത്രമാണ് ഏക ആശ്വാസം .
എന്നാല്‍ മറ്റ് രോഗങ്ങളുള്ളവരിലെ കൊറോണ ബാധിച്ചുള്ള മരണം കണക്കില്‍ പെടുത്താത്തതാണ് മരണനിരക്ക് കുറഞ്ഞിരിക്കാൻ കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത് . 50ശതമാനം മാത്രം സെൻസിറ്റീവായ ആൻറിജൻ പരിശോധനയാണ് കേരളത്തില്‍ വ്യാപകമായി നടക്കുന്നത് . ഇതിനുപകരം പി സി ആര് പരിശോധനകളുടെ എണ്ണം കൂട്ടുകയും നിരീക്ഷണമടക്കം കര്‍ശനമാക്കുകയും ചെയ്തില്ലെങ്കില്‍ വലിയ വിപത്താകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.
അതേസമയം കേരളത്തിൽ കൊറോണ വൈറസ് വ്യാപനം നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കഴിഞ്ഞ ദിവസം ഐഎംഎ രംഗത്തെത്തിയിരുന്നു. രോഗവ്യാപനം തടയാന്‍ കര്‍ശന നടപടികള്‍ വേണമെന്നും ഐഎംഎ. ആവശ്യപ്പെട്ടു. വാക്സിനേഷന് കേന്ദ്രങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാക്കുക, ഡാക്ടര്‍മാരുടെ കുടിശ്ശിക നല്‍കുക എന്നിവയിലും നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
ഈ സാഹചര്യത്തില്‍ പിസിആര്‍ പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും നിരീക്ഷണ സംവിധാനം കൂടുതല്‍ കര്‍ശനമാക്കാനും ഡോക്ടര്‍മാരുടെ സംഘടന ആവശ്യപ്പെട്ടു. കൊറോണ മാര്‍ഗ്ഗ നിര്‍ദ്ധേശങ്ങളില്‍ ഇളവ് വരുത്തിയതും പൊതുജനം ജാഗ്രത കൈവിട്ടതും സംസ്ഥാനത്തിന് വലിയ തിരിച്ചടിയായി. സമ്പൂര്‍ണ്ണ അടച്ചിടല്‍ അടക്കം കര്‍ശന നിയന്ത്രണങ്ങള്‍ ഇനിയുണ്ടാകില്ലെന്നുറപ്പുള്ളതിനാല്‍ മാസ്കും, സാമൂഹിക അകലവും അടക്കമുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
ദേശീയ ശരാശരിയുടെ ആറിരട്ടിയാണ് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ദേശീയ ശരാശരി രണ്ട് എന്ന കണക്കില്‍ തുടരുമ്പോള്‍ സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10-ന് മുകളിലാണ്. രാജ്യത്തെ മൊത്ത രോഗബാധിതരുടെ എണ്ണം കണക്കാക്കുമ്പോഴും നേരിയ കുറവാണ് കണ്ടെത്താനാകുന്നത്. കേരളത്തില്‍ കൊറോണ രോഗികളുടെ എണ്ണം ക്രമാതീതമായി കുതിച്ചുയരുന്ന ഈ സാഹചര്യത്തെ മുന്‍നിര്‍ത്തിയാണ് ഐഎംഎയുടെ മുന്നറിയിപ്പ്.