അധികൃതരെ കബളിപ്പിച്ച് അമ്മൂമ്മയുടെ പെൻഷൻ വർഷങ്ങളായി കൈപ്പറ്റിയ കൊച്ചുമകൻ അറസ്റ്റിൽ

നെയ്യാറ്റിൻകര: എട്ടുവർഷം മുമ്പ് മരിച്ച അമ്മൂമ്മയുടെ പെൻഷൻ അധികൃതരെ കബളിപ്പിച്ച് കൈപ്പറ്റിക്കൊണ്ടിരുന്ന കൊച്ചുമകൻ അറസ്റ്റിൽ. അതിയന്നൂർ അരംഗമുകൾ ബാബു സദനത്തിൽ പ്രജിത്ലാൽ ബാബു(35) ആണ് അറസ്റ്റിലായത്. അമ്മൂമ്മയും കെഎസ്ഇബിയിൽനിന്ന് വിരമിച്ച ജീവനക്കാരിയുമായ അരംഗമുകൾ സ്വദേശിനി പൊന്നമ്മയുടെ പെൻഷനാണ് ഇയാൾ കൈപ്പറ്റിക്കൊണ്ടിരുന്നത്.

പൊന്നമ്മ മരിച്ച വിവരം കെഎസ്ഇബി അധികൃതരെ അറിയിക്കാതെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഇയാൾ എട്ടുവർഷമായി പണം പിൻവലിച്ചുകൊണ്ടാണ് തട്ടിപ്പ് നടത്തിയത്.

ഇതിനിടെ നെയ്യാറ്റിൻകര ഡിവിഷൻ ഓഫീസിൽ കെഎസ്ഇബി. ആഭ്യന്തര പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. ഇക്കാലയളവിലൊന്നും പൊന്നമ്മയുടെ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാതെയാണ് പെൻഷൻ വാങ്ങിയിരുന്നതെന്ന് തെളിഞ്ഞതിനെ തുടർന്ന് കെഎസ്ഇബി അധികൃതർ നടത്തിയ അന്വേഷണത്തിലാണ് പൊന്നമ്മ മരിച്ചുപോയതായി കണ്ടെത്തിയത്.

പിന്നീട് കെഎസ്ഇബി അധികൃതർ പോലീസിൽ നൽകി യ പരാതിയിൽ നെയ്യാറ്റിൻകര പോലീസ് ഇയാൾക്കെതിരേ കേസ് എടുക്കുകയും ചെയ്തു. മരിച്ചുപോയയാൾ പെൻഷൻ കൈപ്പറ്റിയ സംഭവത്തെക്കുറിച്ച് കെഎസ്ഇബി വിജിലൻസ് അന്വേഷണം നടത്തുന്നുണ്ട്. പോലീസ് കേസ് എടുത്തെങ്കിലും പ്രതിയെ പിടികൂടിയില്ലായിരുന്നു.
തുടർന്ന് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച പ്രതിയോട് കോടതി പോലീസിൽ കീഴടങ്ങാൻ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതി പ്രജിത്ലാൽ ബാബുവിന്റെ അറസ്റ്റ് നെയ്യാറ്റിൻകര പോലീസ് രേഖപ്പെടുത്തി. ഇയാളെ കോടതി റിമാൻഡ് ചെയ്തു.