ന്യൂഡെൽഹി: രാമസേതുവിനെക്കുറിച്ച് പഠിക്കാൻ പ്രത്യേക അന്തർജല ഗവേഷക ദൗത്യത്തിന് കേന്ദ്രസർക്കാർ അനുമതി നൽകി. ഇന്ത്യയേയും ശ്രീലങ്കയേയും തമ്മിൽ ബന്ധിപ്പിക്കുന്ന 48 കി.മീ നീളമുള്ള മണൽപ്പാതയായ രാമസേതുവിന്റെ ഉത്ഭവത്തെക്കുറിച്ചാണ് ഗവേഷണം നടക്കുക. ദൗത്യത്തിന് ഇന്ത്യൻ പുരാവസ്തു സർവേ വിഭാഗത്തിന്റെ കീഴിലുള്ള സെൻട്രൽ അഡൈ്വസറി ബോർഡ് ഓൺ ആർക്കിയോളജി അനുമതി നൽകി.
തമിഴ്നാട്ടിലെ ധനുഷ്കോടിയിൽ (രാമേശ്വരം) നിന്ന് ശ്രീലങ്കയിലെ ജാഫ്ന ജില്ലയിലേക്ക് കടലിനു കുറുകെ പണിത ‘രാമസേതു’ എന്ന മൺപാലം മനുഷ്യനിർമിതമോ അതോ പ്രകൃതിദത്തമോ എന്ന ചോദ്യത്തിന് ഏറെ പഴക്കമുണ്ട്. ഇതിന്റെ ഉത്ഭവത്തിന്റെ വസ്തുതതകൾ തേടിയാണ് കൗൺസിൽ ഫോർ സയന്റിസ്റ്റ് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ച്, ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി എന്നിവയുടെ നേതൃത്വത്തിൽ ഗവേഷണം നടക്കുക. രാമസേതുവിന്റെ രൂപാന്തരം സംബന്ധിച്ച് വ്യക്തത തേടിയുള്ള ഗവേഷണത്തിലൂടെ രാമായണം എഴുതപ്പെട്ട കാലഘട്ടത്തെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
ഈ വർഷം തന്നെ ഗവേഷണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. പുരവസ്തു രേഖകൾ, തെർമോലൂമിനിസെൻസ്, റേഡിയോമെട്രിക്, ജിയളജിക്കൽ ടൈം സ്കെയിൽ, പരിസ്ഥിതിവിവരങ്ങൾ തുടങ്ങിയവയുടെ പിന്തുണയോടെയാണ് ഗവേഷണം നടക്കുക. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയുടെ ഗവേഷക കപ്പലായ സിന്ധു സാധന അഥവാ സിന്ധു സങ്കൽപ് എന്നിവ ദൗത്യത്തിന്റെ ഭാഗമായി പ്രവർത്തിക്കും.
സമുദ്രോപരിതലത്തിൽ നിന്ന് 35-40 മീറ്റർ താഴെ നിന്ന് സിന്ധു സങ്കൽപ് സാംപിൾ ശേഖരിക്കും. ഇന്ത്യ ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ച ഗവേഷക കപ്പലായ സിന്ധുസങ്കൽപ് 2014ലാണ് കമ്മീഷൻ ചെയ്തത്.
രാമസേതുവിന്റേയും പരിസര പ്രദേശത്തിന്റേയും സ്വഭാവവും രൂപവത്കരണവും മനസിലാക്കാൻ ശാസ്ത്രീയമായ രീതിയിൽ അന്തർജല പുരാവസ്തു പഠനം നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും ഗവേഷകർ വ്യക്തമാക്കി. രാം സേതുവിന് ചുറ്റും വെള്ളത്തിൽ മുങ്ങിപ്പോയ ഏതെങ്കിലും വാസസ്ഥലങ്ങൾ ഉണ്ടോ എന്നും പഠനത്തിലൂടെ കണ്ടെത്തും.