ലഖ്നൗ: റിപ്പബ്ലിക് ദിനത്തിൽ കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ട്രാക്ടർ റാലി പ്രതിഷേധത്തിന് തടയിടാനുള്ള യുപി സര്‍ക്കാരിന്റെ നിര്‍ദ്ദേശം വിവാദത്തിൽ. കർഷകരുടെ ട്രാക്ടറുകൾക്ക് ഡീസൽ നൽകരുതെന്നാവശ്യപ്പെട്ട് ഉത്തർപ്രദേശ് സര്‍ക്കാര്‍ സപ്ലൈ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയെന്നാണ് റിപ്പോർട്ടുകൾ.
ഇതിനുപിന്നാലെ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി കർഷകനേതാക്കളടക്കമുള്ളവര്‍ രംഗത്തെത്തി. ഇത്തരത്തിലുള്ള നടപടികളിലൂടെ സമരത്തെ നേരിടാം എന്നാണ് സർക്കാർ കരുതുന്നതെങ്കിൽ ശക്തമായ പ്രതിഷേധമുയരുമെന്ന് ഭാരതീയ കിസാൻ യൂണിയൻ വ്യക്തമാക്കി. സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും സര്‍ക്കാർ നടപടിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി.
അതേസമയം ട്രാക്ടര്‍ റാലിക്കെത്തുന്ന കർഷകർക്ക് സംയുക്ത കിസാൻ മോർച്ച കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഒരു ട്രാക്ടറിൽ അഞ്ച് പേരിൽ കൂടൂതൽ പാടില്ലെന്നും ട്രാക്ടറിൽ ദേശീയ പതാകയും കർഷക സംഘടനകളുടെയും പതാകകളും മാത്രമേ പ്രദർശിപ്പിക്കാൻ പാടുള്ളുവെന്നും സംയുക്ത കിസാൻ മോർച്ച നിർദ്ദേശിച്ചു.
പൊലീസ് നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണം. പൊലീസും റാലിയുടെ ഭാഗമെന്ന് ഓർക്കണം. ലഹരിയോ മറ്റു പദാർത്ഥങ്ങളോ ഉപയോഗിക്കരുത്. വടിയോ, ആയുധങ്ങളോ കൈയിൽ കരുതരുത്. സംയുക്ത കിസാൻ മോർച്ചയുടെ നവ മാധ്യമ അക്കൗണ്ടുകൾ പിൻതുടർന്ന് വിവരങ്ങൾ അറിയാം. തെറ്റിദ്ധരിക്കുന്ന രീതിയിലുള്ള യാതൊരു മുദ്രവാക്യവും പാടില്ല. സമരത്തെ സംബന്ധിക്കുന്ന ബാനറുകൾ മാത്രം ട്രാക്ടറിൽ പ്രദർശിപ്പിക്കാൻ പാടുള്ളു. ഉച്ചത്തിൽ പാട്ട് വെക്കാൻ പാടില്ല. റാലിയുടെ മുൻനിരയെ കടന്നു ഒരു ട്രാക്ടറും പോകരുത് എന്നിങ്ങനെയാണ് നിർദ്ദേശങ്ങൾ.
തലസ്ഥാന നഗരത്തെ വലയം വെക്കുംവിധം 100 കിലോമീറ്റര്‍ ദൂരത്തില്‍ റാലി സംഘടിപ്പിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഒരു ലക്ഷത്തോളം ട്രാക്ടറുകളുടെ പങ്കാളിത്തം ഉണ്ടാകുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. രാജ്പഥിലെ റിപ്പബ്ലിക് ദിനാഘോഷ പരേഡ് അവസാനിച്ചാല്‍ റാലി തുടങ്ങും. വൈകീട്ട് ആറുമണിക്ക് അവസാനിപ്പിക്കും വിധമാണ് ക്രമീകരണം. റാലിക്ക് പൊലീസ് സുരക്ഷ ഒരുക്കും. പച്ച ജാക്കറ്റ് അണിഞ്ഞായിരിക്കും കര്‍ഷകര്‍ റാലിയില്‍ പങ്കെടുക്കുക.