ക​ണ്ണൂ​ർ ജില്ലാ പ​ഞ്ചാ​യ​ത്ത്​ തി​ല്ലങ്കേരി ഡി​വി​ഷ​നി​ൽ ബിജെപി വോ​ട്ടുകൾ സിപിഎമ്മിന് മറിച്ചത് വിവാദമാകുന്നു

ക​ണ്ണൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത്​ തി​ല്ലങ്കേരി ഡി​വി​ഷ​നി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബിജെപി വോ​ട്ടുകൾ സിപിഎമ്മിന് മറിച്ചത് വിവാദമാകുന്നു. യുഡിഎ​ഫ് സി​റ്റി​ങ്​ സീ​റ്റാ​യ ഇ​വി​ടെ വ​മ്പി​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ്​ എ​ൽഡിഎ​ഫ്​ സ്​​ഥാ​നാ​ർ​ഥി​യാ​യ ബി​നോ​യ്​ കു​ര്യ​ൻ ജ​യി​ച്ച​ത്. ആ​ർഎ​സ്എ​സ്​ നേ​താ​വാ​യ വ​ത്സ​ൻ തി​ല്ല​ങ്കേരിയുടെ ജ​ന്മ​നാ​ട്ടി​ൽ ബിജെപി​യു​ടെ ഉ​റ​ച്ച വോ​ട്ടു​ക​ൾ പോ​ലും ചോ​ർ​ന്ന​ത്​ ചൂ​ടേ​റി​യ ച​ർ​ച്ച​യാ​യിട്ടുണ്ട്.

ആ​സ​ന്ന​മാ​യ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സിപിഎം-​ബിജെപി വോ​ട്ടു​മ​റി​ക്ക​ൽ സം​ബ​ന്ധി​ച്ച അ​ഭ്യൂ​ഹം നി​ല​നി​ൽ​ക്കെയാണ് കണ്ണൂരിലെ കണക്കുകൾ പുറത്തായത്. ബിജെപി​യു​ടെ വോ​ട്ട്​ കു​റ​ഞ്ഞ​പ്പോ​ൾ സിപിഎ​മ്മി​ന്​ ഗ​ണ്യ​മാ​യി വോ​ട്ട്​ കൂ​ടി​യ​താ​ണ്​ ച​ർ​ച്ച​ക്ക്​ വ​ഴി​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്​. കോ​ൺ​ഗ്ര​സി​​നെ​തി​രെ​യു​ള്ള ബിജെപി വോ​ട്ട്​ സിപിഎ​മ്മി​ന്​ അ​നു​കൂ​ല​മാ​കു​മെ​ന്ന സൂ​ച​ന​യാ​യാ​ണ്​ രാ​ഷ്​​ട്രീ​യ വൃ​ത്ത​ങ്ങ​ൾ ഇ​തി​നെ നോ​ക്കി​ക്കാ​ണു​ന്ന​ത്.

ജി​ല്ല​യി​ലെ പാ​ർ​ട്ടി ഗ്രാ​മ​മാ​യ തി​ല്ല​ങ്കേരിയിൽ സിപിഎം -ആ​ർ.​എ​സ്.​എ​സ്​ ബ​ദ്ധ​വൈ​രി​ക​ളാ​യാ​ണ്​ പൊ​തു​വെ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ഇ​വി​ടെ​യാ​ണ്​ ബിജെപി​യി​ലെ വോ​ട്ട്​ ​ചോ​ർ​ച്ച സിപിഎ​മ്മി​ന്​ സ​ഹാ​യ​മാ​യ​ത്. യുഡിഎ​ഫ്​ ക​ഴി​ഞ്ഞ​ത​വ​ണ 285 വോ​ട്ടി​ന്​ ജ​യി​ച്ച സ്​​ഥാ​നത്താ​ണ്​ ഇ​ത്ത​വ​ണ എ​ൽഡിഎ​ഫി​ന്​ 6980 വോ​ട്ടി​ൻ്റെ ഭൂ​രി​പ​ക്ഷമാണ് ല​ഭി​ച്ച​ത്.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​നെ ​അ​പേ​ക്ഷി​ച്ച്​ 2000 വോ​ട്ടു​ക​ളു​ടെ ചോ​ർ​ച്ച​യാ​ണ്​ ഇ​ത്ത​വ​ണ ബിജെപി​ക്കു​ണ്ടാ​യ​ത്. കേ​ര​ള ​കോ​ൺ​ഗ്ര​സ്​ (​ ജോസ്​ കെ. ​മാ​ണി) വി​ഭാ​ഗം വോ​ട്ടു​ക​ളാ​ണ്​ ത​ങ്ങ​ൾ​ക്ക്​ അ​നു​കൂ​ല​മാ​യ​തെ​ന്നാ​ണ്​ സിപിഎം വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ, ജോസ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​ന്​ ഇവിടെ കാ​ര്യ​മാ​യ സ്വാ​ധീ​ന​മി​ല്ല. യുഡിഎ​ഫ്​ സ്​​ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന കേ​ര​ള കോ​ൺ​ഗ്ര​സ്​ ജോ​സ​ഫ്​ വി​ഭാ​ഗ​ത്തി​ലെ ജോ​ർ​ജ്​ ഇ​രു​മ്പു​കു​ഴി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്നാ​ണ്​ തി​ല്ല​ങ്കേരി ഡി​വി​ഷ​നി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്​ മാ​റ്റി​വെ​ച്ച​ത്. ലി​ൻ​ഡ ജെ​യിം​സാ​ണ്​ പി​ന്നീ​ട്​ യു.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച​ത്. ആ​കെ പോ​ള്‍ ചെ​യ്​​ത വോ​ട്ടി​ൻ്റെ 57 ശ​ത​മാ​ന​ത്തി​ല​ധി​കം നേ​ടി​യാ​ണ് എ​ല്‍.​ഡി.​എ​ഫ് അ​ട്ടി​മ​റി വി​ജ​യം ക​ര​സ്​​ഥ​മാ​ക്കി​യ​ത്.

ആ​കെ പോ​ൾ ചെ​യ്​​ത 32,580​ വോ​ട്ടി​ൽ ബി​നോ​യ്​ കു​ര്യ​ൻ -​ 18,687, ലി​ൻ​ഡ ജെ​യിം​സ്​ -11,707 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു വോ​ട്ടി​ങ്ങ്​ നി​ല. ബിജെപി​ക്ക് ആ​കെ പോ​ള്‍ ചെ​യ്​​ത വോ​ട്ടിൻ്റെ 4.09 ശ​ത​മാ​നം മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ബിജെപി സ്ഥാ​നാ​ര്‍ഥി കൂ​ട്ട ജ​യ​പ്ര​കാ​ശി​ന് 1333 വോ​ട്ട് ല​ഭി​ച്ചു. മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ പു​ല്ലാ​ഞ്ഞി​യോ​ട് വാ​ര്‍ഡി​ല്‍ ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​ത്തി​ല്‍ 122 വോ​ട്ടി​ൻ്റെ ഭൂ​രി​പ​ക്ഷ​ത്തി​ന് വി​ജ​യി​ച്ച ബി.​ജെ.​പി​ക്ക് ജി​ല്ല പ​ഞ്ചാ​യ​ത്തി​ലേക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​വി​ടെ​നി​ന്ന്​ ല​ഭി​ച്ച​ത് 50 വോ​ട്ട് മാ​ത്ര​മാ​ണ്.