പിണറായിയുടെ രാഷ്ട്രീയ സ്റ്റണ്ടെന്ന് പിടി തോമസ് ; പാവാട ഒരു നല്ല സിനിമയാണ്; ടി സിദ്ദിക്ക്; സോളാര്‍ കേസ് സിബിഐയ്ക്ക് വിട്ടതില്‍ പരിഹസിച്ച്‌ കോൺഗ്രസ് നേതാക്കൾ

കൊച്ചി: സോളാര്‍ കേസ് സിബിഐയ്ക്ക് വിട്ട സർക്കാർ നടപടിയെ പരിഹസിച്ച്‌ കോൺഗ്രസ് നേതാക്കൾ. തിരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽക്കുമ്പോൾ പിണറായിയുടെ രാഷ്ട്രീയ സ്റ്റണ്ട് കേരളം മനസിലാക്കിക്കൊള്ളുമെന്ന് പിടി തോമസ് എംഎൽഎ. പാവാട ഒരു നല്ല സിനിമയാണെന്ന് കുറിച്ചുകൊണ്ട് പൃഥ്വിരാജ് നായകനായ സിനിമയുടെ പോസ്റ്റര്‍ ഉള്‍പ്പെടെയാണ് ടി.സിദ്ദിക്കിൻ്റെ ഫെയ്സ് ബുക്ക്പോസ്റ്റ്.

ശരത് ലാലിനും കൃപേഷിനും നൽകാൻ മടിച്ച നീതി സരിതയ്ക്ക് നൽകാൻ തയ്യാറായ പിണറായിയുടെ നീതിബോധം കേരളം വിലയിരുത്തുമെന്ന്‌ ഇരുവരും പറയുന്നു.

പിടി തോമസിൻ്റെ കമൻറ് ഇങ്ങനെ;

കേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്ത്രി മിസ്റ്റർ പിണറായി വിജയൻ ശരത്ലാലിനും കൃപേഷിനും നിങ്ങൾ നൽകാൻ മടിച്ച നീതി സരിതയ്ക്ക് നൽകാൻ തയ്യാറായ നിങ്ങളുടെ നീതിബോധം കേരളം വിലയിരുത്തും, സമൂഹം വിലയിരുത്തും.

ഈ പ്രപഞ്ചം മുഴുവൻ ഇളകി വന്നാലും അതിനെ നേരിടാൻ കരുത്തുള്ള ഉമ്മൻചാണ്ടി അടക്കമുള്ള കോൺഗ്രസ്സ് യുഡിഫ് നേതാക്കന്മാരെ കള്ളക്കേസിൽ കുടുക്കി അവസാനിപ്പിക്കാം എന്ന നിങ്ങളുടെ വ്യാമോഹം അസ്ഥാനത്താണ് മിസ്റ്റർ വിജയൻ എന്ന് പറയാൻ ആഗ്രഹിക്കുന്നു.

നിങ്ങൾ ശരത്ലാലിന്റെയും കൃപേഷിന്റേയും കേസ്സ് സിബിഐ ക്ക്‌ വിടുമ്പോൾ നിങ്ങൾ കേരളത്തോട് പറഞ്ഞൊരു വാക്കുണ്ട് അത് മറക്കരുത് കേരള പോലീസിന്റെ ആത്മവീര്യം തകരും അത് കൊണ്ടു ഞങ്ങൾ സുപ്രീംകോടതിയിൽ കേസിന് പോകും എന്ന് പറഞ്ഞ് കേരളത്തിന്റെ ഖജനാവിൽ നിന്നും ഇന്ത്യയിലെ മുന്ത്യ അഭിഭാഷകരെ കൊണ്ട് വന്ന് ആ കുട്ടികളുടെ കൊലപാതികൾക്ക് വേണ്ടി കോടികൾ പൊടിച്ചു.
സുപ്രീംകോടതിയും നിങ്ങളെ കൈവിട്ടു. ആ നീതി ബോധത്തിന്റെ ആയിരം അംശമെങ്കിലും എന്തു കൊണ്ട് നിങ്ങൾക്ക് ഉണ്ടായില്ല.

തിരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽക്കുമ്പോൾ നിങ്ങളുടെ ഈ രാഷ്ട്രീയ സ്റ്റണ്ട് കേരളം മനസിലാക്കിക്കൊള്ളും.

യുഡിഎഫിനെ നയിക്കാൻ 10 അംഗ സമതിയുടെ ചെയർമാൻ ആയി ഉമ്മൻ ചാണ്ടി വന്നപ്പോൾ നിങ്ങളുടെ ചങ്കിടിപ്പ് കൂടി.
അഞ്ച് വർഷം അധികാരവും അന്വേഷണ ഏജൻസികളും കയ്യിൽ ഇരുന്നിട്ടും എന്തെ നിങ്ങൾ അന്വേഷിക്കാതിരുന്നത്.
തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഈ രാഷ്ട്രീയ വെളിപാട് പ്രബുദ്ധ കേരളം തിരിച്ചറിയും.
ഉമ്മൻ ചാണ്ടിയെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല.
നമുക്ക് കാണാം…

സിദ്ദിഖിക്കിൻ്റെ പോസ്റ്റ്;

ലൈഫ്, പെരിയ ഇരട്ടക്കൊല, മട്ടന്നൂര്‍ ശുഹൈബ് വധക്കേസ് തുടങ്ങിയ കേസുകള്‍ സിബിഐയ്ക്ക് വിടാതെ സര്‍ക്കാര്‍ പ്രതിരോധിച്ചത് ചൂണ്ടിക്കാട്ടിയാണ് സിദ്ദിഖിന്റെ പോസ്റ്റ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
ലൈഫ്, പെരിയ കേസ് ഒന്നും സിബിഐ അന്വേഷിക്കാന്‍ പാടില്ല. ഖജനാവില്‍ നിന്ന് കോടികള്‍ എടുത്തു വക്കീലിനു കൊടുത്തു അതിനെ പ്രതിരോധിക്കും.

ശുഹൈബിന്റെ ഉമ്മ പറഞ്ഞിട്ട്‌ കേള്‍ക്കാത്ത മുഖ്യമന്ത്രി, ശുക്കൂറിന്റെ ഉമ്മ പറഞ്ഞിട്ട്‌ കേള്‍ക്കാത്ത മുഖ്യമന്ത്രി, കൃപേഷിന്റേയും ശരത്‌ ലാലിന്റേയും അച്ഛനമ്മമാര്‍ പറഞ്ഞിട്ട്‌ കേള്‍ക്കാത്ത മുഖ്യമന്ത്രി… വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ നിലവിളി കേള്‍ക്കാത്ത മുഖ്യമന്ത്രി..പാവാട ഒരു നല്ല സിനിമയാണു.