64 വയസുകാരിയുടെ വയറില്‍ നിന്നും എട്ടുകിലോ തൂക്കമുള്ള മുഴ നീക്കം ചെയ്തു

തിരുവനന്തപുരം: 64 വയസുകാരിയുടെ വയറില്‍ നിന്നും എട്ടുകിലോ തൂക്കമുള്ള മുഴ നീക്കം ചെയ്തു. കൊല്ലം സ്വദേശിനിയായ വൃദ്ധയുടെ ഗര്‍ഭപാത്രത്തില്‍ നിന്നാണ് 30 സെന്റീമീറ്റര്‍ വീതം നീളവും വീതിയും ആഴവുമുള്ള മുഴ പുറത്തെടുത്തത്. എസ് എ ടി യില്‍ നടന്ന ശസ്ത്രക്രിയയിലാണ് മുഴ നീക്കം ചെയ്തത്. അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയ നടത്തി മുഴ നീക്കം ചെയ്യുകയായിരുന്നു.

സങ്കീര്‍ണ്ണമായ തുകൊണ്ടുതന്നെ ശസ്ത്രക്രിയാ വേളയില്‍ രോഗിയ്ക്ക് നാലു യൂണിറ്റ് രക്തവും നല്‍കേണ്ടി വന്നു. വിശപ്പില്ലായ്മ, വയറുവേദന, ശരീരഭാരം കുറയല്‍ എന്നീ ലക്ഷണങ്ങളുമായാണ് വൃദ്ധ ഒന്‍പതു മാസം മുമ്പ് ആശുപത്രിയിലെത്തിയത്. മാത്രമല്ല, ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും പ്രമേഹത്തിനും ചികിത്സയിലായിരുന്നു.

വിശദമായ പരിശോധനയില്‍ മുഴ കണ്ടെത്തി. 64 വയസുള്ള രോഗിയായതിനാല്‍ കാന്‍സറായിരിക്കാമെന്ന സംശയവും ഡോക്ടര്‍മാര്‍ക്കുണ്ടായിരുന്നു. അതു കൊണ്ടു തന്നെ എത്രയും വേഗം ശസ്ത്രക്രിയയ്ക്ക് വിധേയയാകണമെന്നും രോഗിയോട് നിര്‍ദ്ദേശിച്ചു.

കൊറോണയുടെ പശ്ചാത്തലത്തില്‍ ചികിത്സയ്‌ക്കെത്താന്‍ തയ്യാറാകാതിരുന്ന രോഗി ശാരീരിക അസ്വസ്ഥതകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ഒന്‍പതു മാസങ്ങള്‍ക്കു ശേഷമാണ് അശുപത്രിയിലെത്തിയത്. ചികിത്സയ്‌ക്കെത്താന്‍വൈകിയതോടെ ഒന്‍പതു മാസം കൊണ്ട്ഗര്‍ഭാശയ മുഴ എട്ടു കിലോഗ്രാം തൂക്കത്തിലേയ്ക്ക് വളര്‍ന്നു വലുതാകുകയും ചെയ്തു.