സോളാറിൽ അ‍ഞ്ച് വർഷം നടപടി എടുക്കാത്തത്​ വിശദീകരിക്കാൻ സർക്കാരിന്​ ബാധ്യതയുണ്ട്: ഉമ്മൻചാണ്ടി

തിരുവനന്തപുരം: അഞ്ച്​ വർഷം നടപടിയെടുക്കാത്ത സർക്കാർ ഇപ്പോൾ കേസ്​ സിബിഐക്ക്​ വിടുന്നതെന്തിനാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.​ സോളാർ കേസ്​ സിബിഐക്ക്​ വിടാനുള്ള സർക്കാർ തീരുമാനത്തോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്രനാളും കേസിൽ നടപടി എടുക്കാത്തത്​ സംബന്ധിച്ച്‌​ വിശദീകരിക്കാൻ സർക്കാറിന്​ ബാധ്യതയുണ്ട്​.

തെരഞ്ഞെടുപ്പ്​ അടുത്ത സാഹചര്യത്തിൽ പുറത്തുവന്ന തീരുമാനം സംബന്ധിച്ച്‌​ വിശദമായി പിന്നീട്​ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ആഴ്​ച്ചകൾ ബാക്കിനിൽക്കെയാണ്​ എൽഡിഎഫ്​ സർക്കാർ ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്​. സോളാർ കേസ്​ ഏറ്റെടുക്കണമോ എന്നുള്ളത്​ സിബിഐ സ്വന്തം വിവേചനാധികാരംകൂടി പരിഗണിച്ചാവും തീരുമാനിക്കുക.

സോളാർ സംബന്ധിച്ച ആറ്​ പീഡന കേസുകളാണ്​ സിബിഐക്ക്​ വിടാൻ സർക്കാർ തീരുമാനിച്ചത്​. ഇതുസംബന്ധിച്ച വിജഞാപനം പുറത്തിറങ്ങിയിരുന്നു.​ സോളാർ പരാതിക്കാരി മുഖ്യമന്ത്രി പിണറായി വിജയന്​ നൽകിയ പരാതിയെതുടർന്നാണ്​ നടപടിയെന്നാണ് വിശദീകരണം.സോളാർ പരാതിക്കാരിയെ ചിലർ നിർബന്ധിച്ച് പരാതി എഴുതിയിക്കുകയായിരുന്നുവെന്ന് നേരത്തേ ആക്ഷേപം ഉയർന്നിരുന്നു.

ഉമ്മൻചാണ്ടി, കെസി വേണുഗോപാൽ, എപി അനിൽകുമാർ, അബ്​ദുല്ലക്കുട്ടി, ഹൈബി ഈഡൻ തുടങ്ങിവർക്കെതിരായ കേസുകളാണ്​ സിബിഐക്ക്​ വിടുന്നത്​. ഡൽഹി പൊലീസ്​ എക്​സ്റ്റാബ്ലിഷ്​മെന്റ്​ ആക്​ട്​ അനുസരിച്ച്‌​ കേസുകൾ സിബിഐ ഏറ്റെടുക്കണമെന്ന്​ കാട്ടിയുള്ള ശുപാർശ​ സംസ്ഥാന സർക്കാർ ഉടൻ കേന്ദ്രത്തിനയക്കും.