വാളയാർ കേസ്: ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുട്ടികളുടെ അമ്മ അനിശ്ചിതകാല നിരാഹാര സമരത്തിന്

പാലക്കാട്: വാളയാര്‍ കേസില്‍ കേസ് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ അനിശ്ചിത കാല നിരാഹാര സമരത്തിന് ചൊവ്വാഴ്ച പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍റിന് സമീപമാണ് നിരാഹാര സമരം തുടങ്ങുന്നത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പാലക്കാട് പോക്സോ കോടതിയില്‍ പുനര്‍ വിചാരണ നടപടികള്‍ ആരംഭിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ആര്‍.നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് ഇന്നലെ വിചാരണക്കോടതി പുനരന്വേഷണ അനുമതി നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നേരത്തെ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള പെണ്‍കുട്ടികളുടെ അമ്മയുടെ സമരം.

പ്രതികളായ വി മധു, ഷിബു എന്നിവരുടെ റിമാന്‍ഡ് കാലാവധി അടുത്തമാസം അഞ്ചുവരെ നീട്ടിയിട്ടുണ്ട്. പുനർവിചാരണ നടപടിക്ക് തുടക്കമിട്ടതോടെയാണ് ബുധനാഴ്ച ഇരുവരെയും കോടതി റിമാൻഡിലയച്ചത്. മറ്റൊരു പ്രതി എം മധുവിന് നേരത്തെ തന്നെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

തുടരന്വേഷണം സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം നൽകിയ അപേക്ഷയിലാണ് കോടതി തീരുമാനമെടുത്തത്. എസ് പി നിശാന്തിനിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം കഴിഞ്ഞ ദിവസമാണ് തുടരന്വേഷണത്തിനുളള അപേക്ഷ കോടതിയിൽ നൽകിയത്.

കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നും തുടരന്വേഷണത്തിനായി സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.