തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പ് സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ വഴി നടപ്പിലാക്കുന്ന സമാശ്വാസം പദ്ധതിയ്ക്കായി 2,89,70,700 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കൊറോണയുടെ പശ്ചാത്തലം കണക്കിലെടുത്താണ് സമാശ്വാസം പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് മൂന്ന് മാസത്തെ അടിയന്തര ധനസഹായം അനുവദിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
നാല് സമാശ്വാസം പദ്ധതികളാണുള്ളത്. വൃക്കയ്ക്ക് തകരാര്‍ സംഭവിച്ച് മാസത്തില്‍ ഒരു പ്രാവശ്യമെങ്കിലും ഡയാലിസിസിന് വിധേയരാകുന്ന ബി.പി.എല്‍ വിഭാഗത്തില്‍പ്പെടുന്ന രോഗികള്‍ക്ക് പ്രതിമാസം 1100 രൂപ നിരക്കില്‍ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് ഒന്ന്. ഇതില്‍ 5849 ഗുണഭോക്താക്കളാണുള്ളത്.
സംസ്ഥാനത്ത് വൃക്ക, കരള്‍ രോഗങ്ങള്‍ ബാധിച്ചു പ്രസ്തുത അവയവങ്ങള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായിട്ടുള്ളവര്‍ക്ക് ശസ്ത്രക്രിയ കഴിഞ്ഞതിനുശേഷവും തുടര്‍ ചികിത്സക്ക് പ്രതിമാസം 1000 രൂപ നല്‍കുന്ന ധനസഹായമാണ് രണ്ടാമത്തെ വിഭാഗം. ശസ്ത്രക്രിയ കഴിഞ്ഞ് ആദ്യ 5 വര്‍ഷം വരെയാണ് ധനസഹായം അനുവദിക്കുന്നത്. 1500 ഗുണഭോക്താക്കളാണ് ഈ പദ്ധതിയ്ക്ക് കീഴിലുള്ളത്.
രക്തം കട്ട പിടിക്കാന്‍ ആവശ്യമായ ക്ലോട്ടിംഗ് ഫാക്ടറുകളുടെ കുറവു മൂലം ഹീമോഫീലിയയും അനുബന്ധരോഗങ്ങളും ബാധിച്ചവര്‍ക്ക് പ്രതിമാസം 1000 രൂപ നിരക്കില്‍ ധനസഹായം അനുവദിക്കുന്നതാണ് മൂന്നാമത്തെ വിഭാഗം. വരുമാന പരിധി ബാധകമാക്കാതെ ധനസഹായം അനുവദിക്കുന്ന പദ്ധതിയില്‍ 1327 ഗുണഭോക്താക്കളാണുള്ളത്.
സംസ്ഥാനത്തെ അരിവാള്‍ രോഗം ബാധിച്ച നോണ്‍ ട്രൈബല്‍ വിഭാഗത്തില്‍പ്പെട്ട രോഗികളാണ് നാലാം വിഭാഗത്തിലെ ഗുണഭോക്താക്കള്‍. പ്രതിമാസം 2000 രൂപ നിരക്കില്‍ ധനസഹായം അനുവദിക്കുന്ന ഈ പദ്ധതിയില്‍ 198 ഗുണഭോക്താക്കളാണുള്ളത്.