ന്യുഡെൽഹി: റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലി നടത്താൻ അനുമതി ലഭിച്ചെന്ന് കർഷകസംഘടനകൾ. 26ന് ഡെൽഹി നഗരത്തിൽ ട്രാക്ടർ റാലി നടത്തുമെന്നും ഇത് സംബന്ധിച്ച് പോലീസുമായി ധാരണയിലെത്തിയെന്നും കർഷക സംഘടനകൾ അറിയിച്ചു. റാലി സമാധാനപരമായിരിക്കുമെന്ന് യോഗേന്ദ്രയാദവ് അറിയിച്ചു.
ഒരു ലക്ഷം ട്രാക്ടറുകൾ അണിനിരത്തിയുള്ള റാലിക്കാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. റിപ്പബ്ലിക് ദിന പരേഡിനെയോ സുരക്ഷയേയോ ബാധിക്കാത്ത രീതിയിൽ ട്രാക്ടർ റാലി നടത്തുമെന്നാണ് സംഘടനകൾ അറിയിക്കുന്നത്. പരേഡിൽ പങ്കെടുക്കുന്ന കർഷകർ അച്ചടക്കം പാലിക്കണമെന്നും കമ്മിറ്റി പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കണമെന്നും ഭാരതീയ കിസാൻ യൂണിയൻ നേതാവ് ഗുർനം സിംഗ് ചാദുനി അഭ്യർഥിച്ചു.
ട്രാക്ടർ റാലിയുടെ പാത മാറ്റുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ഡെൽഹി പോലീസ് കർഷക നേതാക്കളെ കണ്ടിരുന്നു. ഡെൽഹി നഗരത്തിലൂടെ കർഷകരുടെ റാലി അനുവദിക്കില്ലെന്ന നിലപാടായിരുന്നു നേരത്തെ പോലീസ് സ്വീകരിച്ചത്.
മൂന്ന് സമാന്തര പാതകളാണ് പോലീസ് മുന്നോട്ട് വെച്ചിട്ടുള്ളത്. ഈ നിർദ്ദേശമാണോ കർഷകർ അംഗീകരിച്ചതെന്ന് വ്യക്തമല്ല. റാലിയുടെ റൂട്ട് മാപ്പ് തീരുമാനിക്കാൻ കർഷകരും പോലീസുമായി ചർച്ച തുടരുമെന്നാണ് റിപ്പോർട്ട്.