മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരത്തിന്

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ 2016 മുതലുള്ള ശമ്പളകുടിശ്ശിക നല്കാത്തതിൽ പ്രതിഷേധിച്ച് സമരപരിപാടികൾ നടത്തുമെന്ന് കെജിഎംസിടിഎ സംസ്ഥാനസമിതി അറിയിച്ചു.

മറ്റു സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണവും ശമ്പളക്കുടിശ്ശികയും സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ കൊറോണ മുന്നണിപ്പോരാളികളായ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർക്കെതിരെയുള്ള കടുത്ത അവഗണന സർക്കാർ തുടർന്നുകൊണ്ട് പോകുകയാണ്.

ഇതിൽ പ്രതിഷേധിച്ച് ഈ മാസം 25ന് എല്ലാ മെഡിക്കൽ കോളേജുകൾക്കും ഡി എം ഇ ഓഫീസുകൾക്ക് മുന്നിലും രാവിലെ 11 ന് ധർണ നടത്തുമെന്ന് കെജിഎംസിടിഎ അറിയിച്ചു. എന്നാൽ രോഗി പരിചരണവും അധ്യാപനത്തെയും ബാധിക്കില്ല

ഉടനടി തീരുമാനമെടുത്തില്ലെങ്കിൽ പ്രതിഷേധസമരത്തിലേക്ക് കടക്കുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി. 29ന് രാവിലെ 8 മുതൽ 11 വരെ 3 മണിക്കൂർ, സൂചന പണിമുടക്ക് എല്ലാ മെഡിക്കൽ കോളേജുകളിലും നടത്തും. തുടർന്ന് ഫെബ്രവരി5ന് എല്ലാ മെഡിക്കൽ കോളേജുകളിലും 24 മണിക്കൂർ റിലേ നിരാഹാരസമരം നടത്തും.

സമരപരിപാടികൾ കൊണ്ട് തീരുമാനം ഉണ്ടായില്ലെങ്കിൽ ഫെബ്രുവരി 9 മുതൽ അനിശ്ചിതകാലസമരം നടത്തുമെന്ന് കെജിഎംസിടിഎ സംസ്ഥാനസമിതി അറിയിച്ചു.