കേരളായാത്ര പ്രഖ്യാപിച്ച് എൽഡിഎഫും; നാളെ മുതൽ 31 വരെ പ്രവർത്തകർ ഓരോ വീടുകളിലുമെത്തും

തിരുവനന്തപുരം: യുഡിഎഫ് ഐശ്വര്യകേരളയാത്ര പ്രഖ്യാപിച്ചതിന് പിന്നാലെ കേരളായാത്ര പ്രഖ്യാപിച്ച് എൽഡിഎഫും. കേരളത്തിന്‍റെ തെക്ക് വടക്ക് മേഖലകളായി തിരിച്ചാകും ജാഥ സംഘടിപ്പിക്കുക. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമാണ് ജാഥ നയിക്കുക.

നാളെ മുതൽ എൽഡിഎഫ് സജീവമായി ഭവനസന്ദർശനം തുടങ്ങും. ഈ മാസം 31-ാം തീയതി ആകുമ്പോഴേക്ക്, കേരളത്തിലെ എല്ലാ വീടുകളിലുമെത്തുക എന്നതാണ് ലക്ഷ്യമെന്നും പാർട്ടി സെക്രട്ടറി എ വിജയരാഘവൻ വ്യക്തമാക്കി. എൽഡിഎഫ് യോഗശേഷം തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു എ വിജയരാഘവൻ.

സിപിഎം – സിപിഐ സെക്രട്ടറിമാർ തന്നെയാണ് റാലികൾ ഓരോ മേഖലകളിലായി നയിക്കുകയെന്നും തീരുമാനമായിട്ടുണ്ട്. ഓരോ മേഖലകളും തിരിച്ച് അതാത് ആളുകൾക്ക് ചുമതല വീതിച്ച് നൽകും.തീയതി അടക്കം ജാഥയുടെ വിശദമായ ഷെഡ്യൂൾ ബുധനാഴ്‌ച ചേരുന്ന എൽ ഡി എഫ് യോഗത്തിലായിരിക്കും തീരുമാനിക്കുക.

ജനങ്ങൾ സംസ്ഥാനത്ത് തുടർഭരണം ആഗ്രഹിക്കുന്നുണ്ടെന്നും, പ്രതിപക്ഷത്തിന്‍റെ ജനകീയ അടിത്തറയ്ക്ക് ക്ഷീണമുണ്ടായെന്നും വിജയരാഘവൻ പറഞ്ഞു.

കേരളത്തിലെ കോൺഗ്രസുകാർക്ക് ബിജെപിയുമായി വിധേയത്വമാണെന്ന് വിജയരാഘവൻ ആരോപിച്ചു. ഗെലോട്ട് കേന്ദ്ര ഏജൻസികളെ വിമർശിച്ചാലും കേരളത്തിലെ കോൺഗ്രസ് നേതാക്കൾ കേന്ദ്ര ഏജൻസികളെ വിമർശിക്കില്ല.

നേമം കേരളത്തിലെ ഗുജറാത്താണെന്ന കുമ്മനം രാജശേഖരന്‍റെ പ്രസ്താവനയിൽ അദ്ഭുതമില്ല. മോദിയുടെ അനുയായി എന്ന നിലയ്ക്ക് കുമ്മനത്തിന് ഗുജറാത്ത് എന്ന് കേട്ടാൽ മോദിയെയാകും ഓർമ വരിക. ഞങ്ങൾക്ക് ഓർമ വരിക ഗാന്ധിയെയാണ് – എ വിജയരാഘവൻ പറ‌ഞ്ഞു.