ഗുരുഗ്രാമില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകന്‍ മരിച്ചു

ന്യൂഡെല്‍ഹി: ഗുരുഗ്രാമില്‍ കൊറോണ വാക്‌സിന്‍ സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകന്‍ മരിച്ചു. കഴിഞ്ഞ ആഴ്ച കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച 56 കാരനായ ആരോഗ്യ പ്രവര്‍ത്തകന്‍ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. രാജവന്തിയെന്ന ആരോഗ്യപ്രവര്‍ത്തകന്‍ രാവിലെ ഉറക്കമുണര്‍ന്നില്ല. തുടര്‍ന്ന് ബന്ധുക്കൾ മെഡാന്ത ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.എന്നാൽ ഈ സമയം രാജവന്തി മരിച്ചതായി കുടുംബം അറിയിച്ചു.

വാക്‌സിന്‍ നല്‍കിയ ദിവസം മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ആശുപത്രി അധിക്യതർ വ്യക്തമാക്കി.എന്നാല്‍ മരണകാരണം വ്യക്തമായിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. കൊറോണ വാക്‌സിന്‍ വിതരണം ആരംഭിച്ചതിനു ശേഷം ഇതുവരെ വാക്‌സിനുമായി ബന്ധപ്പെട്ട് രാജ്യത്ത് ഒരു മരണം പോലും രേഖപ്പെടുത്തിയിട്ടില്ല.

നൂറോളം പേര്‍ക്ക് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതുവരെ രാജ്യത്ത് 10 ലക്ഷത്തിലധികം പേര്‍ക്കാണ് കൊറോണ വാക്‌സിന്‍ നല്‍കിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് ഗുരുഗ്രാമിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. വീരേന്ദ്ര യാദവ് പറഞ്ഞു.