മസിനഗുഡിയിൽ കാട്ടാനയെ തീകൊളുത്തി കൊന്നു ; രണ്ടുപേർ പിടിയിൽ

ഗൂഡല്ലൂർ: തമിഴ്നാട് മസിനഗുഡിയിൽ കാട്ടാനയെ തീകൊളുത്തി കൊന്നു. സംഭവത്തിൽ രണ്ടു പേർ വനംവകുപ്പിന്റെ കസ്റ്റഡിയിലായി. ക്രൂരസംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. എന്താണു നടന്നതെന്നതിൽ വ്യക്തതയില്ല. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണ്.

ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനയുടെ നേർക്ക് ഇരുചക്ര വാഹനത്തിന്റെ ടയറിനുള്ളിൽ പെട്രോൾ നിറച്ചു തീകൊളുത്തി എറിയുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ആനയുടെ ദേഹത്ത് തീകൊളുത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്.

ദിവസങ്ങൾക്കു മുൻപ് മരവകണ്ടി ഡാമിലെ വെള്ളത്തിൽ ഒരു ദിവസം മുഴുവൻ ഈ ആന ഇറങ്ങിനിന്നതു കണ്ടവരുണ്ട്. വേദന രൂക്ഷമാകുമ്പോഴാണ് ആന വെള്ളത്തിലിറങ്ങുന്നതെന്നു നാട്ടുകാർ പറഞ്ഞു. തുടർന്ന് കാട്ടാനയെ വനംവകുപ്പ് നിരീക്ഷിച്ചുവരികയായിരുന്നു.

ഗുരുതര പരുക്കേറ്റ നിലയിൽ മസിനഗുഡി- സിങ്കാര റോഡിൽ ഈ കാട്ടാനയെ കഴിഞ്ഞയാഴ്ച വനംവകുപ്പ് കണ്ടെത്തിയിരുന്നു. ചെവിക്കു ചുറ്റും ചീഞ്ഞളിഞ്ഞ് അവശയായിരുന്നു ആന. മുറിവേറ്റ ഭാഗത്തുനിന്നു രക്തവും പഴുപ്പും ഒഴുകുന്നുണ്ടായിരുന്നു. കടുവയോ മറ്റോ ആക്രമിച്ചതാകാമെന്നാണു കരുതിയിരുന്നത്. പിന്നീട് ഈ ആനയ്ക്കു ഭക്ഷണത്തിൽ മരുന്നുവച്ചു നൽകിയെങ്കിലും കഴിഞ്ഞദിവസം ചെരിഞ്ഞു.