ജയ്പൂർ: യുവതിക്ക് അഞ്ച് മാസത്തിനിടെ കൊറോണ പോസിറ്റീവായത് 31 തവണയെന്ന് റിപ്പോർട്ട്. രാജസ്ഥാനിലെ ഭരത് പൂരിലെ മികച്ച ആശുപത്രികളിലൊന്നായ ആർബിഎമ്മിലാണ് യുവതിയെ ചികിത്സിക്കുന്നത്. ഇവരുടെ ആരോഗ്യ സ്ഥിതി മോശമാകുന്നത് സംബന്ധിച്ച് ആശങ്കയിലാണ് ഡോ്കടർമാർ.
രാജസ്ഥാനിലെ ഭരത്പൂരിലുള്ള യുവതിക്കാണ് അഞ്ച് മാസത്തിനിടെ 31 തവണ രോഗം സ്ഥിരീകരിച്ചത്. ശാരദ എന്ന യുവതിക്കാണ് കൊറോണ വൈറസ് വിടാതെ പിടികൂടുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 28 നാണ് ഇവർക്ക് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഇവർ ആർബിഎം ആശുപത്രിയിൽ ചികിത്സ തേടി.
രോഗിയുടെ മാനസികവും ശാരീരികവുമായ അവസ്ഥ കണക്കിലെടുത്ത് അവർക്കൊപ്പം ഒരു പരിചാരകയേയും ആശുപത്രിയിൽ നിയോഗിച്ചിരുന്നു. പിന്നീട് ആശ്രമത്തിലെ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റി.യുവതി താമസിക്കുന്ന അപ്ന ഘർ ആശ്രമത്തിന്റെ മാനേജ്മെന്റ് ഇവരുടെ ചികിത്സ ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുകയാണ്.
ഇതുവരെ ഇവരിൽ 31 ടെസ്റ്റുകളാണ് നടത്തിയത്. അതിൽ എല്ലാ തവണയും കൊറോൺ പോസിറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു. യുവതിക്ക് ആയുർവേദ, ഹോമിയോപ്പതി, അലോപ്പതി മരുന്നുകളും നൽകിവരികയാണ്. തുടർച്ചയായി രോഗം സ്ഥിരീകരിച്ചതോടെ അവരുമായി സമ്പർക്കം മറ്റാരും വരാതിരിക്കാൻ കർശന സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.