ചെന്നൈ: തോക്കുകാട്ടി ഭീഷണിപ്പെടുത്തി മുത്തൂറ്റ് ഫിനാൻസിൻ്റെ തമിഴ്നാട് ഹൊസൂർ ബ്രാഞ്ചിൽ ഏഴു കോടിയുടെ വൻ കവർച്ച. 25091 ഗ്രാം സ്വർണവും 96000 രൂപയുമാണ് കവർന്നത്. ഏഴ് കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്കുകൾ.
ഇന്ന് രാവിലെയാണ് സംഭവം.
കൃഷ്ണഗിരിയിലെ ഹൊസൂരിൽ നിന്ന് ബെഗളൂരുവിലേക്ക് പോകുന്ന റോഡിലെ ബാഗൂരിലുള്ള മുത്തൂറ്റ് ശാഖയിലാണ് കൊള്ള നടന്നത്. രാവിലെ ഓഫീസ് തുറക്കാനായി ജീവനക്കാരെത്തിയപ്പോൾ ഇടപാട് നടത്താനെന്നു പറഞ്ഞാണ് കൊള്ളക്കാർ സ്ഥാപനത്തിനകത്തു കയറിയത്. പിന്നീട് തോക്കുകാട്ടി ഭീഷണിപ്പെടുത്തി എല്ലാ ജീവനക്കാരെയും കെട്ടിയിട്ടു. ശേഷം ലോക്കർ തുറന്ന് സ്വർണവും പണവും കവരുകയായിരുന്നു.
ആറംഗസംഘമെത്തിയാണ് കവർച്ച നടത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. കർണാടക- തമിഴ്നാട് അതിർത്തി നഗരമാണ് ഹൊസൂർ.
സംഭവം അറിഞ്ഞയുടൻ പോലീസെത്തി സിസിടിവി പരിശോധിച്ചു. അഞ്ച് പ്രത്യേകസംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.