അന്താരാഷ്ട്ര വിപണിയിൽ വില കുറഞ്ഞിട്ടും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു; പുതുവർഷത്തിലെ അഞ്ചാമത്തെ വർധന

കൊച്ചി: അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുറഞ്ഞിട്ടും സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വർധന. ഈ മാസം ഇത് അഞ്ചാം തവണയാണ് വില ഉയരുന്നത്. സംസ്ഥാനത്ത് വില റെക്കോർ‍ഡിൽ എത്തി. മൂന്ന് ദിവസത്തിന് ശേഷമാണ് വില വീണ്ടും ഉയർന്നത്. പെട്രോളിനും ഡീസലിനും ലിറ്ററിന് 25 പൈസ വീതമാണ് കൂടിയത്.

തിരുവനന്തപുരത്ത് പെട്രോളിന് 87.48 രൂപയും ഡീസലിന് 81.52 രൂപയാണ് വില. കൊച്ചിയിൽ പെട്രോളിന് 85.72 രൂപയും ഡീസലിന് 79.88 രൂപയുമാണ്. ഈ മാസം 19നായിരുന്നു നേരത്തെ വില ഉയർന്നത്. അതിന് ശേഷം മൂന്ന് ദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു.

അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും രാജ്യത്ത് എണ്ണക്കമ്പനികൾ വില കൂട്ടിയിരിക്കുന്നത്. സംസ്ഥാനനികുതി കൂടി കണക്കിലെടുക്കുമ്പോൾ, കേരളത്തിൽ പെട്രോളിനും ഡീസലിനും വില കൂടും. പെട്രോളിന്റെയും ഡീസലിന്റെയും ഇറക്കുമതിച്ചുങ്കവും ക്രൂഡ് ഓയിൽ വിലയും അടിസ്ഥാനപ്പെടുത്തിയാണ് ഇന്ധന വില നിർണയിക്കുന്നത്.