കോട്ടയം: മുണ്ടക്കയത്ത് മകൻ പൂട്ടിയിട്ട അച്ഛൻ മരിച്ച സംഭവത്തില്‍ മകൻ റെജികുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.റെജികുമാറിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ഇയാള്‍ക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. റെജികുമാർ ശരിയായി പരിചരിക്കാത്തത് കൊണ്ടാണ് പൊടിയൻ മരിച്ചതെന്ന് പൊലീസ് പറയുന്നു.
റെജികുമാറിന്റെ അച്ഛന്റെ മരണം വാർദ്ധക്യ സഹജമായ അസുഖങ്ങൾ നിമിത്തമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. ആന്തരികാവയവങ്ങൾ ചുരുങ്ങിയ നിലയിലായിരുന്നെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. പട്ടിണി കിടന്നാണോ മരണം സംഭവിച്ചതെന്നറിയാൻ ആന്തരികാവയങ്ങൾ രാസപരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഇന്നലെയാണ് വൃദ്ധ ദമ്പതികളോട് മക്കൾ കാണിച്ച ക്രൂരത പുറംലോകമറിഞ്ഞത്.
ഭക്ഷണവും മരുന്നും നൽകാതെ ദിവസങ്ങളോളം ഇവരെ മുറിയിൽ ഒറ്റപ്പെടുത്തിയ മകൻ, ദമ്പതികള്‍ കിടക്കുന്ന കട്ടിലിൽ പട്ടിയെയും കെട്ടിയിട്ടു. ഭക്ഷണം ലഭിക്കാതെ അവശനായ അച്ഛൻ പൊടിയനെ ആരോഗ്യപ്രവർത്തകരും പൊലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ഇദ്ദേഹത്തിന്റെ മരണത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.ദമ്പതികളുടെ ഈ ദാരുണാവസ്ഥ ആശാ പ്രവർത്തകർ അറിയിച്ചതിനെ തുടർന്നാണ് ജനപ്രതിനിധികളുടേയും പൊലീസിന്റെയും ശ്രദ്ധയിൽ പെട്ടത്.