ന്യൂഡെല്‍ഹി: നിസാമുദ്ദീനില്‍ മതസമ്മേളനം സംഘടിപ്പിച്ചതിനെ തുടര്‍ന്നു വിവാദത്തിലായ തബ്‌ലീഗ് മേധാവി മൗലാന മുഹമ്മദ് സാദ് ഖണ്ഡാലവി തെക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സഹായിയുടെ വസതിയില്‍ ക്വാറന്റീനിലാണെന്നു റിപ്പോര്‍ട്ട്. തബ്‌ലീഗ് സമ്മേളനത്തെ തുടർന്ന് ഇദ്ദേഹത്തിനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തിരുന്നു. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത പലരും കോവിഡ് ബാധിച്ചു മരിച്ചതിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 25,000 പേരെയാണു ക്വാറന്റീനില്‍ ആക്കിയിരിക്കുന്നത്. വിവാദ മതസമ്മേളനവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് രണ്ടാം തവണയും മൗലാന സാദിനു നോട്ടിസ് അയച്ചിരുന്നു. എന്നാല്‍ നേരിട്ടു ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മൗലാന സാദിന്റെ അഭിഭാഷകന്‍ അറിയിച്ചു. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും അഭിഭാഷകനായ ഫൗസില്‍ അഹമ്മദ് അയ്യൂബി പറഞ്ഞു.