പയ്യന്നൂർ: 98-ാം വയസിൽ കൊറോണയെ തോൽപ്പിച്ച നടൻ പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു. പയ്യന്നൂർ സഹകരണ ആശുപത്രിയിൽ വൈകീട്ട് ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്.കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യാപിതാവാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി. കൊറോണ ബാധിച്ച് അദ്ദേഹം ഒരാഴ്ചയിലധികം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് കൊറോണ നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയിരുന്നു.
ആഴ്ചകൾക്കു മുൻപ് അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചിരുന്നു. ആദ്യം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു. ആ സമയത്ത് കൊറോണ പരിശോധനാഫലം നെഗറ്റീവായിരുന്നു. ന്യുമോണിയ ഭേദമായതിനെത്തുടർന്ന് വീട്ടിൽ വിശ്രമത്തിൽ കഴിയുകയായിരുന്നു.
ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് രണ്ടുദിവസത്തിനുശേഷം വീണ്ടും പനി ബാധിക്കുകയും തുടർന്ന് ആസ്പത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അപ്പോൾ നടത്തിയ പരിശോധനയിലാണ് കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.
രണ്ടുദിവസം ഐസിയുവിൽ കഴിയേണ്ടിവന്നെങ്കിലും വൈകാതെ ആരോഗ്യം വീണ്ടെടുത്തു. ആശുപത്രിയിലായിരുന്നപ്പോൾ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉൾപ്പെടെയുള്ളവർ വിവരങ്ങൾ ഫോണിലൂടെ അന്വേഷിച്ചിരുന്നു. കൊറോണ കാലമായതിനാൽ കോറോത്തെ തറവാട്ടിൽ തന്നെയായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരി കഴിഞ്ഞിരുന്നത്.
1996-ൽ പുറത്തുവന്ന ദേശാടനം ആയിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ആദ്യത്തെ ചിത്രം. ഒരാൾ മാത്രം, കൈക്കുടന്ന നിലാവ്, കളിയാട്ടം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ശ്രദ്ധ നേടിയ ചിത്രം കല്യാണരാമനിലേതാണ്. പിന്നീട് സൂപ്പർതാരമായ രജനീകാന്തിന്റെ ചിത്രമായ ചന്ദ്രമുഖിയിലും അദ്ദേഹം വേഷമിട്ടു. ദേശാടനം, പമ്മല് കെ. സംബന്ധം എന്നിവ പ്രധാന സിനിമകളാണ്.