സംസ്ഥാന അസിസ്റ്റന്‍റ് പ്രോട്ടോകോള്‍ ഓഫീസറിനോട് കസ്റ്റംസ് ഉദ്യോഗസ്ഥർ അപമര്യാദയായി പെരുമാറിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന അസിസ്റ്റന്‍റ് പ്രോട്ടോകോള്‍ ഓഫീസര്‍ ഹരികൃഷ്ണനോട് കസ്റ്റംസ് ഉദ്യോഗസ്ഥർ അപമര്യാദയായി പെരുമാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ രേഖാമൂലം അറിയിച്ചു. മൊഴിയെടുക്കുന്നതിനിടെ ഭീഷണിപ്പെടുത്തിയെന്നും അപമര്യാദയായി പെരുമാറിയെന്നും കാണിച്ച് ഹരികൃഷ്ണൻ ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ടെന്നും, ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി കേന്ദ്ര ധനകാര്യ വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

‘കസ്റ്റംസ് ആക്ടിലെ 108-ാം വകുപ്പ് പ്രകാരം ഹരികൃഷ്ണന് അയച്ച സമൻസ് പ്രകാരം എറണാകുളത്തുള്ള കസ്റ്റംസ് പ്രിവന്‍റീവ് ഓഫീസില്‍ ജനുവരി 5-ന് ഹരികൃഷ്ണന്‍ ഹാജരായിരുന്നു. മടങ്ങി വന്ന ശേഷം ജനുവരി ഏഴിന് ഹരികൃഷ്ണന്‍ ചീഫ് സെക്രട്ടറിക്ക് തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നൽകി. ഹരികൃഷ്ണനോട് തീരെ മാന്യമല്ലാത്ത രീതിയില്‍ പെരുമാറിയതായി അദ്ദേഹം ഭീഷണിപ്പെടുത്തിയതായും അറിയിച്ചിട്ടുണ്ട്.

ഹരികൃഷ്ണനുണ്ടായ ദുരനുഭവങ്ങള്‍ വിവരിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി 2021 ജനുവരി 11-ന് കേന്ദ്ര ധനകാര്യ സെക്രട്ടറിക്ക് കത്തെഴുതിയിട്ടുണ്ട്. ഹരികൃഷ്ണനോട് അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥന്‍റെ പേരുവിവരവും കത്തില്‍ എടുത്തു പറഞ്ഞിട്ടുണ്ട്.