തിരുവനന്തപുരം: ആരും ഒന്നും അറിഞ്ഞില്ലെന്ന് സ്പ്രിന്‍ക്ലര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. മതിയായ ചര്‍ച്ചകള്‍ കൂടാതെ കരാറുകളിലെത്തുകവഴി ജനങ്ങളുടെ വിവരങ്ങളുടെ മേല്‍ സ്പ്രിന്‍ക്ലറിന് സമ്പൂര്‍ണ അവകാശം നല്‍കുന്ന സ്ഥിതിയുണ്ടായെന്ന് വിദഗ്ധസമിതി റിപ്പോര്‍ട്ട് പറയുന്നു. മുഖ്യമന്ത്രിയോ ചീഫ് സെക്രട്ടറിയോ ഇതൊന്നും അറിഞ്ഞതേ ഇല്ല. ഇവരുടെ അറിവ് ഇല്ലാതെയാണ് കൊറോണ വിവര വിശകലനത്തിന് സ്പ്രിന്‍ക്ലറുമായി കരാറിലെത്തിയതെന്നും വിദഗ്ധസമിതി റിപ്പോര്‍ട്ടിൽ പറയുന്നു.
നേരത്തെ പുറത്തുവന്നതിലും വിചിത്രവും ഗൗരവമേറിയ കണ്ടെത്തലുകളാണ് എം. മാധവന്‍ നമ്പ്യാര്‍– ഗുല്‍ഷന്‍ റായ് വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിലുള്ളത്. തുടക്കം മുതല്‍ സ്പ്രിന്‍ക്ലറുമായുള്ള കരാര്‍ എം.ശിവശങ്കര്‍ നേരിട്ടാണ് കൈകാര്യം ചെയ്തതെന്ന് റിപ്പോര്‍ട്ട് പറയുന്നു. കരാര്‍ നടപ്പാക്കുന്നതിന് മുമ്പ് ആരോഗ്യവകുപ്പുമായോ നിയമവകുപ്പുമായോ ചര്‍ച്ച നടത്തുകയോ ചീഫ് സെക്രട്ടറിയെ അറിയിക്കുകയോ ചെയ്തില്ല.
കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ണമായി ആരോഗ്യവകുപ്പിന് കീഴിലാണെന്നും ഐടി വകുപ്പ് സഹായിയുടെ റോളില്‍ മാത്രമാണെന്നും താന്‍ ഫയലില്‍ കുറിച്ചിരുന്നെന്നാണ് അന്നത്തെ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ വിദഗ്ധസമിതിയോട് പറഞ്ഞത്. സ്പ്രിന്‍ക്ലര്‍ കരാറുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പുമായി ഔദ്യോഗിക ചര്‍ച്ചകളൊന്നും നടന്നില്ല.
ഐടി വകുപ്പ് ഉദ്യോഗസ്ഥരുടെ അനൗദ്യോഗിക സംഘമാണ് കാര്യങ്ങള്‍ മുന്നോട്ട് നീക്കിയത്. എന്നാല്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട യോഗങ്ങളുടെ മിനിറ്റ്സ് വിദഗ്ധ സമിതിക്ക് നല്‍കിയില്ല. കരാര്‍ നടപ്പിലാക്കിയ സംഘത്തില്‍ ആര്‍ക്കും ആവശ്യമായ സാങ്കേതിക–നിയമ വൈദഗ്ധ്യമില്ലെന്നാണ് സമിതി കണ്ടെത്തല്‍.
ന്യൂയോര്‍ക്കിലെ കോടതിയുടെ പരിധിയിലായതിനാല്‍ സ്പ്രിന്‍ക്ലര്‍ കരാര്‍ ലംഘനം നടത്തിയാല്‍ അവരില്‍ നിന്ന് പിഴയീടാക്കാന്‍ ആവുമായിരുന്നില്ല. മാത്രമല്ല സ്പ്രിന്‍ക്ലര്‍ മാസ്റ്റര്‍ സര്‍വീസസ് എഗ്രിമെന്‍റിലെ വ്യവസ്ഥകള്‍ ദുരുപയോഗ സാധ്യതയുള്ളതാണ്.
കേന്ദ്ര ഐടി വകുപ്പിന് കീഴിലെ എസ്ടിക്യുസി നടത്തിയ സൈബര്‍ സുരക്ഷാ പരിശോധനയില്‍ ചില സ്വകാര്യ ഐപി വിലാസങ്ങളിലേക്ക് വിവരക്കൈമാറ്റം നടന്നതായി കണ്ടെത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. മറ്റൊരു ആമസോണ്‍ ക്ലൗഡ് അക്കൗണ്ടിലേക്കാണ് ഈ വിവരങ്ങള്‍ പോയത്.
എന്നാല്‍ സി–ഡിറ്റ് കൈമാറിയ വിവരങ്ങള്‍ പരിമിതമായതിനാല്‍ ഈ ഐപി വിലാസങ്ങള് ഏതൊക്കെയെന്ന് കണ്ടെത്താനായില്ല. വിശദാംശങ്ങള്‍ ലഭ്യമാവാത്തതിനാല്‍ വിവരങ്ങളുടെ സുരക്ഷയും രഹസ്യസ്വഭാവവും സ്വകാര്യതയും സംബന്ധിച്ച് കൃത്യമായ അഭിപ്രായം പറയാനാവില്ലെന്ന് വിദഗ്ധസമിതി റിപ്പോര്‍ട്ട് പറയുന്നു.