തിരുവനന്തപുരം: കെ. സുരേന്ദ്രൻ്റെ കേരളയാത്രക്കുമുമ്പായി സംസ്ഥാന ബിജെപിയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന ആവശ്യവുമായി ഇടഞ്ഞുനിൽക്കുന്നവർ. സമാന്തര യോഗങ്ങൾ വിളിച്ച് വിമതപ്രവർത്തനങ്ങൾ ശക്തമാക്കാനുള്ള നീക്കവും അവർ തുടങ്ങി.
നിയമസഭ തെരഞ്ഞെടുപ്പിൽ നേട്ടങ്ങൾ പ്രതീക്ഷിച്ച് അടുത്തമാസം മുതൽ കേരളയാത്ര നടത്താൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ തീരുമാനിച്ചതിനിടെയാണ് ഇടഞ്ഞുനിൽക്കുന്ന സംസ്ഥാന വൈസ് പ്രസിഡൻറ് ശോഭാസുരേന്ദ്രനെ പിന്തുണക്കുന്നവരുടെ നീക്കം. മുതിർന്ന നേതാക്കൾക്കുൾപ്പെടെ നിയമസഭ തെരഞ്ഞെടുപ്പിൽ പ്രാതിനിധ്യമുണ്ടാകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
സംസ്ഥാനത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ദേശീയ നേതൃത്വം നിർദേശം നൽകിയിട്ടും സംസ്ഥാന നേതൃത്വം അനങ്ങുന്നില്ലെന്നാണ് ശോഭയെ പിന്തുണക്കുന്നവരുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ശോഭാസുരേന്ദ്രൻ ദിവസങ്ങൾക്കകം ദേശീയ നേതാക്കളെ കാണും.
പല മുതിർന്ന നേതാക്കളുടെയും പിന്തുണ ആർജിക്കുന്നതിനുള്ള നടപടികളും അണിയറയിൽ പുരോഗമിക്കുകയാണ്. ശോഭാസുരേന്ദ്രൻ വിഭാഗത്തിന് കെ. സുരേന്ദ്രനോട് വിയോജിപ്പുള്ള മറ്റൊരു വിഭാഗവും പിന്തുണ നൽകുന്നുണ്ട്.