തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും തുലാവർഷം പൂർണമായി പിൻമാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണ ഡിസംബറോടെ അവസാനിക്കേണ്ട തുലാവർഷം ഇക്കുറി പതിവു തെറ്റിച്ച് ജനുവരിയിലും പെയ്തൊഴിയാതെ തുടരുകയായിരുന്നു. ഇതോടെ ജനുവരിയിലെ മഴയുടെ അളവിൽ കേരളം റിക്കാർഡിഡുകയും ചെയ്തു.
പസഫിക് സമുദ്രത്തിൽ നിലവിലുള്ള ലാ നിന പ്രതിഭാസവും കിഴക്കൻ കാറ്റിൻറെ ശക്തി കുറയാതിരുന്നതും ഇന്ത്യൻ മഹാസമുദ്രത്തിലെ മാഡൻ-ജൂലിയൻ ഓസിലേഷൻറെ സാന്നിധ്യവുമാണ് ജനുവരിയിൽ വലിയ അളവിൽ മഴ ലഭിക്കാനിടയാക്കിയതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
2020 ഒക്ടോബർ ഒന്നിന് പെയ്തു തുടങ്ങിയ തുലാവർഷത്തിൽ ഡിസംബർ 31 വരെ 26 ശതമാനം മഴക്കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. എന്നാൽ ജനുവരി ഒന്നു മുതൽ ഇന്നലെ വരെ സംസ്ഥാനത്തു പെയ്തത് 104.3 മില്ലീമീറ്റർ മഴയാണ്. കേരളത്തിൽ ശരാശരി 5.4 മില്ലീമീറ്റർ പെയ്യേണ്ട സ്ഥാനത്താണ് ഈ അധികപ്പെയ്ത്ത്.