കാപ്പിറ്റോൾ കലാപം; സ്പീക്കറുടെ ലാപ്‌ടോപ്പ് മോഷ്ടിച്ച കലാപകാരി പിടിയില്‍

വാഷിംഗ്ടൺ: കാപ്പിറ്റോളിലെ കലാപത്തിനിടെ സ്പീക്കറുടെ ഓഫീസിൽനിന്ന് ലാപ്ടോപ്പ് മോഷ്ടിച്ചെന്ന് സംശയിക്കുന്നയാൾ അറസ്റ്റിൽ. 22 വയസ്സുകാരിയായ റിലേ ജൂൺ വില്യംസിനെയാണ് പെൻസിൽവാനിയയിൽനിന്ന് എഫ്ബിഐ പിടികൂടിയത്.

അതേസമയം, കുറ്റപത്രത്തിൽ ലാപ്ടോപ്പ് മോഷണത്തെക്കുറിച്ച് പരാമർശമില്ലെന്നാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ട്. കാപ്പിറ്റോളിൽ അതിക്രമിച്ചുകയറിയതും അക്രമം നടത്തിയതുമാണ് യുവതിക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം.

ജനുവരി ആറിന് കാപ്പിറ്റോളിൽ നടന്ന കലാപത്തിൽ കടുത്ത ട്രംപ് അനുകൂലിയായ ജൂൺ വില്യംസും പങ്കാളിയായിരുന്നു. കലാപത്തിന്റെ വീഡിയോ ദൃശ്യങ്ങളിൽനിന്ന് യുവതിയെ തിരിച്ചറിയുകയും ചെയ്തു.
വിവിധ മാധ്യമങ്ങൾ കലാപത്തിന്റെ ദൃശ്യങ്ങൾ സഹിതമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതിനുപിന്നാലെയാണ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ ഓഫീസിൽനിന്ന് ലാപ്ടോപ്പ് മോഷണം പോയെന്ന വിവരം പുറത്തുവരുന്നത്.

സ്പീക്കറുടെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ഡ്ര്യൂ ഹാമ്മിൽ ഇക്കാര്യം ട്വിറ്ററിലൂടെ സ്ഥിരീകരിക്കുകയും ചെയ്തു. ലാപ്ടോപ്പ് മോഷണത്തിന് പിന്നിൽ ജൂൺ വില്യംസാണെന്ന് ഇവരുടെ മുൻകാമുകനാണ് അന്വേഷണ ഏജൻസിക്ക് വിവരം നൽകിയത്.

ജൂൺ ലാപ്ടോപ്പ് മോഷ്ടിക്കുന്ന വീഡിയോ സുഹൃത്തുക്കൾ പങ്കുവെച്ചെന്നും ലാപ്ടോപ്പ് റഷ്യയിലെ സുഹൃത്തിന് കൈമാറാനാണ് ആസൂത്രണം ചെയ്തതെന്നുമാണ് ഇയാൾ എഫ്ബിഐക്ക് നൽകിയ മൊഴി.

ലാപ്ടോപ്പിലെ വിവരങ്ങൾ റഷ്യൻ വിദേശകാര്യ ഇന്റലിജൻസ് സർവീസായ എസ്.വി.ആറിന് നൽകാനായിരുന്നു പദ്ധതിയെന്നും ഇയാളുടെ മൊഴിയിലുണ്ട്. കോടതിയിൽ നൽകിയ രേഖകളിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ടെങ്കിലും നിലവിൽ ലാപ്ടോപ്പ് മോഷണത്തിന് കുറ്റംചുമത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്.

മാത്രമല്ല, ലാപ്ടോപ്പ് മോഷണത്തിന്റെ വീഡിയോ പരിശോധിച്ചെന്നോ ഇല്ലെന്നോ എഫ്ബിഐ വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് മാത്രമാണ് എഫ്ബിഐ ഉദ്യോഗസ്ഥരുടെ അനൗദ്യോഗിക പ്രതികരണം.

കാപ്പിറ്റോൾ കലാപത്തിൽ പങ്കാളിയാണെന്ന് കണ്ടെത്തിയതോടെ ജൂൺ വില്യംസിനെ പിടികൂടാൻ എഫ്ബിഐ വിപുലമായ അന്വേഷണം നടത്തിയിരുന്നു. മകൾ ഒന്നുംപറയാതെ വീട് വിട്ടിറങ്ങിയെന്നായിരുന്നു ജൂൺ വില്യംസിന്റെ മാതാവിന്റെ പ്രതികരണം. അതിനിടെ, യുവതി അന്വേഷണ ഏജൻസിക്ക് മുന്നിൽ കീഴടങ്ങിയതാണെന്നും വിവരമുണ്ട്.