ന്യൂഡെൽഹി: ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് അടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ക്രൈസ്തവ സഭകള്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ ലഭിക്കുന്നില്ലെന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ കത്തോലിക്കാ സഭയിലെ കര്‍ദിനാള്‍മാര്‍ ധരിപ്പിച്ചു. ന്യൂനപക്ഷ അവകാശങ്ങള്‍ സംബന്ധിച്ച വിഷയത്തില്‍ എല്ലാവര്ക്കും തുല്യനീതി ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി കര്‍ദിനാള്‍മാര്‍ അറിയിച്ചു.
സഭയ്ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും തൊട്ടുകൂടായ്മയില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി.
കത്തോലിക്ക സഭാ മേലധ്യക്ഷന്മാര് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടല്‍ നടത്തിയതിന് പിന്നാലെയാണ് കത്തോലിക്ക സഭ മേലധ്യക്ഷൻമാരുമായുള്ള കൂടിക്കാഴ്ച. മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നത് കൊറോണ സാഹചര്യം മാറിയാല്‍ പരിഗണിക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചു. പ്രധാനമന്ത്രിയുമായും സഭ അധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്ന് കര്‍ദിനാള്‍മാര്‍ വ്യക്തമാക്കി.
ഫാ. സ്റ്റാന്‍സ്വാമിയുടെ വിഷയവും ഉന്നയിക്കപ്പെട്ടു. അതേസമയം ലൗവ് ജിഹാദ് വിഷയം കൂടിക്കാഴ്ചയില്‍ ഉന്നയിച്ചില്ലെന്നും കര്‍ദിനാള്‍മാര്‍ പറഞ്ഞു. കര്‍ദിനാള്‍മാരായ മാര്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസ്, മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ക്ലിമ്മീസ് കാതോലിക്ക ബാവ എന്നിവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.