പ്രധാനമന്ത്രിക്കും അമിത്ഷാക്കും നന്ദി അറിയിച്ച് സുകുമാരൻ നായർ; ഉമ്മന്‍ചാണ്ടിയുടെ വരവിന് പിന്നാലെ എന്‍എസ്എസ്സിനെ ഒപ്പം കൂട്ടാന്‍ ബിജെപി; സമദൂരം തുടരാൻ സാധ്യത

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ യുഡിഎഫിനെ ഉമ്മൻചാണ്ടി നയിക്കുമെന്ന തീരുമാനം വന്നതിനു പിന്നാലെ എൻഎസ്എസ് വോട്ട് ലക്ഷ്യമിട്ട് ബിജെപിയുടെ നീക്കം. മന്നം ജയന്തിക്ക് ആശംസ അറിയിച്ച പ്രധാനമന്ത്രിക്കും അമിത്ഷാക്കും എൻഎസ്എസ് നന്ദി പ്രകടിപ്പിച്ചതാണ് ബിജെപി ആയുധമാക്കുന്നത്.

എൻഎസ് എസ് ജനറൽ സെക്രട്ടറി ഇരുവർക്കും നന്ദി അറിയിച്ച് കത്തയച്ചത് കേരളത്തിൽ ബിജെപിയുമായി അടുക്കുന്നതിന്റെ സൂചനയായാണ് ബിജെപി നേതൃത്വം വ്യാഖ്യാനിക്കുന്നത്.

കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് മേൽനോട്ട സമിതി അധ്യക്ഷനായി ഉമ്മൻചാണ്ടിയെ നിശ്ചയിച്ച തീരുമാനം ഏറ്റവും അനുകൂലമായ രാഷ്ട്രീയ സാഹചര്യമായി ബിജെപി കാണുന്നുണ്ട്. ഈ സാഹചര്യത്തിൽ എൻഎസ്എസ്സുമായി അടുക്കാനുള്ള അവസരം മുതലാക്കാനാണ് ബിജെപി തീരുമാനം.

മന്നം ജയന്തിക്ക് ആശംസ അറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത്ഷാക്കും അതിനടുത്ത ദിവസം തന്നെ എൻഎസ്എസ് സെക്രട്ടറി കത്തയച്ചിരുന്നു. ഉമ്മൻചാണ്ടിയെ നായകനാക്കാനുള്ള യുഡിഎഫിന്റെ നിർണ്ണായക തീരുമാനത്തിനു പിന്നാലെ എൻഎസ് സെക്രട്ടറി പ്രധാനമന്ത്രിക്കയച്ച കത്തും അതുസംബന്ധിച്ച വിവരവും ബിജെപി നേതൃത്വം പുറത്തുവിടുകയായിരുന്നു.

സ്വന്തം മുഖപത്രമായ സർവ്വീസിൽ പ്രധാനമന്ത്രിക്കും അമിത്ഷാക്കും നന്ദി അറിയിച്ചുകൊണ്ട് എൻഎസ്എസ് മുഖപ്രസംഗവും എഴുതിയിരുന്നു. ഈ ലേഖനമാണ് കെ സുരേന്ദ്രൻ ഫെയ്സ്ബുക്ക് പോസ്റ്റായി ഇട്ടത്. ഇതാണ് ബിജെപിയുടെ പ്രകടമായ രാഷ്ട്രീയ നീക്കം വ്യക്തമാക്കുന്നത്. “പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നന്ദി അറിയിച്ച് സർവ്വീസ്. ഇക്കാര്യം അറിയിച്ചുകൊണ്ട് ഇരുവർക്കും ശ്രീ. സുകുമാരൻ നായർ കത്തും അയച്ചിട്ടുണ്ട്” എന്നായിരുന്നു കെ. സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പോസ്റ്റിനൊപ്പം സർവ്വീസിൽ വന്ന ലേഖനത്തിന്റെ ചിത്രവും ഇട്ടിട്ടുണ്ട്.

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ എത്തുകയാണെങ്കിൽ ചങ്ങനാശ്ശേരി മന്നം സമാധിയിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്താനുള്ള ആലോചന ബിജെപിയിൽ നടക്കുന്നുണ്ട്. എന്നാൽ സമദൂര നിലപാടിൽ നിന്ന് വ്യതിചലിക്കില്ല എന്ന നിലപാടാണ് സുകുമാരൻ നായർ സ്വീകരിക്കുന്നത്.