തിരുവനന്തപുരം: ഫെബ്രുവരി മൂന്നിന് വൈദ്യുതി ജീവനക്കാരുടെ അഖിലേന്ത്യ പണിമുടക്ക്. നാഷണൽ കോർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്‌ട്രിസിറ്റി എംപ്ലോയീസ് ആൻ്റ് എൻജിനീയേഴ്‌സ് ആണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.വൈദ്യുതി നിയമ ഭേദഗതി ബിൽ പിൻവലിക്കുക, കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് പണിമുടക്ക്.
വൈദ്യുതി വിതരണ മേഖല സ്വകാര്യവൽക്കരികുന്നതിനായി കേന്ദ്ര ഊർജ്ജ മന്ത്രാലയം പുറപ്പെടുവിച്ച വൈദ്യുതി നിയമഭേദഗതി പിൻവലിക്കുക, കർഷക വിരുദ്ധമായ മൂന്ന് നിയമങ്ങൾ പിൻവലിക്കുക, സ്വകാര്യവൽക്കരണത്തിന് അവസരമൊരുക്കുന്ന സ്റ്റാൻഡാർഡ് ബിഡിംഗ് ഡോക്യുമെന്റ് പിൻവലിക്കുക, കേന്ദ്രഭരണ പ്രദേശങ്ങളിൽ വൈദ്യുതി വിതരണ മേഖല സ്വകാര്യവൽക്കരണത്തിന് വേണ്ടി കൈക്കൊണ്ട നടപടികൾ നിർത്തിവെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വൈദ്യുതി ജീവനക്കാർ പണിമുടക്കുന്നത്.
കെഎസ്‌ഇബിയിലെ വിവിധ സംഘടനകൾ മാനേജിങ് ഡയറക്ടർക്ക് പണിമുടക്ക് നോട്ടീസ് നൽകി. തുടർന്ന് തിരുവനന്തപുരം വൈദ്യുതി ഭവന് മുൻപിൽ പണിമുടക്ക് വിശദീകരണയോഗം നടത്തി.