ബീജിങ്ങ്: ചൈനയിൽ ഐസ്‌ക്രീമിൽ കൊറോണ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു. വടക്കൻ ചൈനയിൽ ഐസ്‌ക്രീമിന്റെ ചില സാമ്പിളുകളിലാണ് കൊറോണ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. ഐസ്‌ക്രീമിന്റ ബാച്ചുകൾ നിർമ്മിക്കാൻ കമ്പനി ഒന്നിലധികം അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ചതായും, അവയിൽ ചിലത് മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
പാൽപ്പൊടി ന്യൂസിലാൻഡിൽ നിന്നാണ് കമ്പനി ഇറക്കുമതി ചെയ്തത്. വീ പൗഡർ ഉക്രൈയിനിൽ നിന്നും ഇറക്കുമതി ചെയ്യുകയായിരുന്നു.സാമ്പിളുകളിൽ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതോടെ കമ്പനിയുടെ 1600 ഓളം ജീവനക്കാരെ നിരീക്ഷണത്തിലാക്കിയതായി കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ഇവരിൽ 700 പേർ ഇതിനകം കൊറോണ നെഗറ്റീവ് ആണ്. മറ്റ് ജീവനക്കാരിൽ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. ആശങ്കപ്പെടേണ്ടതില്ലന്ന് രോഗവാഹകനായ ഒരു വ്യക്തിയിൽ നിന്നാവും വൈറസ് ബാധ ഉണ്ടായതെന്നും ആരോഗ്യ വിദഗ്ധർ പറഞ്ഞു.
കൊറോണ വൈറസ് പരിശോധനയ്ക്കായി ടിയാൻജിൻ ഡാകിയോഡാവോ എന്ന കമ്പനി തങ്ങളുടെ ഉത്പന്നത്തിന്റെ മൂന്ന് സാമ്പിളുകൾ മുനിസിപ്പൽ സെന്ററിലേക്ക് അയയ്ക്കുകയായിരുന്നു. അയച്ച മൂന്ന് സാമ്പിളുകളിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു.തുടർന്ന് ടിയാൻജിൻ എന്ന ഭക്ഷണ കമ്പനിയുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു. നിലവിൽ കമ്പനിയുടെ എല്ലാ ഉത്പന്നങ്ങളും താത്ക്കാലികമായി സീൽ ചെയ്തിരിക്കുകയാണ്.