തിരുവനന്തപുരം: ലോക്ക്ഡൗണിന് മുമ്പ് കേരളത്തിൽ കുടുങ്ങിയ 150 പൗരന്മാരെ നാട്ടിലെത്തിക്കാനുളള ശ്രമം ഉപേക്ഷിച്ച് റഷ്യ. റഷ്യയിൽ നിന്നുളള പ്രത്യേക വിമാനം യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് നിമിഷങ്ങൾക്ക് മുമ്പ് റദ്ദാക്കിയത്. ഈ മാസം തന്നെ പൗരന്മാരെ നാട്ടിലെത്തിക്കാനുളള രണ്ടാമത്തെ ശ്രമമാണ് റഷ്യ ഉപേക്ഷിക്കുന്നത്. ഈ മാസം 4 ന് റഷ്യയിൽ നിന്നുളള പ്രത്യേക വിമാനത്തിൽ കേരളത്തിലുളള പൗരന്മാരെ നാട്ടിലെത്തിക്കാനായിരുന്നു ആദ്യ ശ്രമം. എന്നാൽ പൗരന്മാരെ നാട്ടിലെത്തിക്കുന്നതിനടക്കമുളള വിമാന സർവ്വീസുകൾ അവസാന നിമിഷം റദ്ദാക്കിയതോടെ നാട്ടിലെത്താനുളള ഇവരുടെ കാത്തിരിപ്പ് നീണ്ടു.
ഇതിന് പിന്നാലെയാണ് ഇന്ന് ഉച്ചയോടു കൂടി 150 യാത്രക്കാരെ നാട്ടിലെത്തിക്കാനുളള സജ്ജീകരണങ്ങളെല്ലാം പൂർത്തിയാക്കിയത്. എന്നാൽ പൗരന്മാരെ നാട്ടാലെത്തിക്കാനായി ഇന്നലെ കേരളത്തിൽ എത്തേണ്ടിയിരുന്ന വിമാനം ഇനി ഒരറിയിപ്പ് ഉണ്ടാവുന്നത് വരെ വീണ്ടും റദ്ദാക്കി. ക്വാറന്‍റൈൻ സമയം അവസാനിച്ച് രോഗം ഇല്ലെന്ന് സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ് നൽകുന്ന സർട്ടിഫിക്കറ്റ് ഉളളവർക്കായിരുന്നു യാത്രാനുമതി നൽകിയിരുന്നത്. കേരളത്തിൽ സുരക്ഷിതരാണെങ്കിലും ഉടൻ നാട്ടിലെത്താനാവുമെന്ന പ്രതീക്ഷയിലായിരുന്നു ഇവർ.