ന്യൂഡെൽഹി: പോയവർഷം പുതിയ ആയുധങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി 18000 കോടി രൂപ മുതൽ മുടക്കി ഇന്ത്യൻ സൈന്യം. ഇതിൽ 5000 കോടി രൂപയുടെ അടിയന്തര വാങ്ങലും ഉൾപ്പെടും. ഇതുകൂടാതെ 13,000 കോടി രൂപ കരാറിൻറെ അന്തിമ തീരുമാനവുമെടുത്തുവെന്നും കരസേന മേധാവി ജനറൽ എം.എം നരവാനെ പറഞ്ഞു.
38 കരാറുകളിലായി അടിയന്തര സ്കീം ഉപയോഗപ്പെടുത്തിയാണ് 5000 കോടിയുടെ ആയുധങ്ങളും മറ്റ് വസ്തുക്കളും ഉൾപ്പെടുന്ന സാമഗ്രികൾ വാങ്ങിയത്.
തണുത്ത കാലാവസ്ഥയിൽ പോലും വൻതോതിൽ സൈനികരെ വിന്യസിക്കേണ്ടി വന്നത് കണക്കിലെടുത്താണ് സൈനികർക്ക് വസ്ത്രങ്ങൾ, ഷെൽട്ടറുകൾ, കൂടാരങ്ങൾ, മറ്റ് സൈനിക വിന്യാസവുമായി ബന്ധപ്പെട്ടവ എന്നിവ വാങ്ങി സംഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലഡാക്കിൽ “ഓപ്പറേഷൻ സ്നോ ലെപ്പേർഡ്’ എന്ന പേരിലുള്ള പദ്ധതി പ്രഖ്യാപിച്ചു.ഭാവിയിൽ 32,000 കോടി രൂപയുടെ 29 ആധുനികവത്കരണ പദ്ധതികൾ സൈന്യം ആലോചിക്കുന്നുണ്ടെന്നും കരസേനാ മേധാവി കൂട്ടിച്ചേർത്തു.
ലൈറ്റ് മെഷീൻ ഗൺ, പ്രത്യേക വാഹനങ്ങൾ, സൈനികർക്കുള്ള സുരക്ഷാ കവചങ്ങൾ, പുതിയ ആശയവിനിമയ ഉപകരണങ്ങൾ തുടങ്ങിവയാണ് കരാറുകളിലുൾപ്പെട്ടിട്ടുള്ളത്. കഠിനമായ ശൈത്യകാലത്തെ അതിജീവിക്കാൻ സൈനികർക്ക് വേണ്ടിയുള്ള സാമഗ്രികൾ മാത്രമല്ല പകരം കുടുംബങ്ങളുടെ ക്ഷേമം ഉദ്ദേശിച്ചുള്ള കാര്യങ്ങളും ഇതിലുൾപ്പെടുമെന്നും കരസേന ദിനത്തിൽ നരവാനെ പറഞ്ഞു.