വിട്ടുവീഴ്ചയില്ലാതെ കേന്ദ്ര സർക്കാർ കർഷക സമരം: ഒൻപതാംവട്ട ചർച്ചയും പരാജയം; അടുത്ത ചര്‍ച്ച 19 ന്

ന്യൂഡെൽഹി: കേന്ദ്ര സർക്കാരും കർഷക സംഘടനകളും തമ്മിൽ നടത്തിയ ഒൻപതാംവട്ട ചർച്ചയും പരാജയം. നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ കർഷകരും പിന്നോട്ടില്ലെന്ന് നലപാടിൽ കേന്ദ്ര സർക്കാരും ഉറച്ചുനിന്നു. നിയമങ്ങൾ നടപ്പാക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തതിന് ശേഷം നടന്ന ചർച്ചയിൽ കർഷക സംഘടനാ പ്രതിനിധികൾ, കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ, ഭക്ഷ്യ – വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, വ്യവസായ സഹമന്ത്രി സോം പ്രകാശ് എന്നിവരാണ് പങ്കെടുത്തത്.

കാർഷിക സംഘടനകളുമായുള്ള ഇന്നത്തെ ചർച്ച അന്തിമമായിരുന്നില്ലെന്നും അടുത്തവട്ട ചർച്ച ജനുവരി 19ന് നടക്കുമെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ ചർച്ചകൾക്ക് ശേഷം പറഞ്ഞു. ചർച്ചകളിലൂടെ പരിഹാരം കാണാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തണുപ്പുള്ള അവസ്ഥയിൽ സമരം ചെയ്യുന്ന കർഷകരെക്കുറിച്ച് സർക്കാരിന് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കണമെന്ന തങ്ങളുടെ ആവശ്യം ഇപ്പോഴും നിലനിൽക്കുകയാണെന്ന് ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടിക്കായത്ത് ചർച്ചയ്ക്ക് ശേഷം പറഞ്ഞു. പ്രശ്നങ്ങൾ പഠിക്കാൻ സുപ്രീം കോടതി നിയോഗിച്ച നാലംഗ സമതിയുമായി സഹകരിക്കില്ലെന്നും കേന്ദ്ര സർക്കാരുമായി മാത്രമേ സംസാരിക്കുകയുള്ളൂയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർഷകരുമായി എട്ട് തവണ ചർച്ചകൾ നടത്തിയിട്ടും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിൽ വിഷയം പഠിക്കാൻ സുപ്രീം കോടതി നാലംഗ സമിതിയെ നിയോഗിച്ചിരുന്നു. എന്നാൽ സമിതിയിൽ അംഗമായിരിക്കാൻ താൽപര്യമില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് ഭൂപിന്ദർ സിങ് മാൻ വ്യക്തമാക്കി. സമതിയുമായി ചർച്ച നടത്തില്ലെന്നാണ് സമരം ചെയ്യുന്ന കർഷകരുടേയും നിലപാട്.