കാസർകോട്: ജനറൽ ആശുപത്രിയിലെ കൊറോണ വാർഡിൽ നിന്നു പിടികൂടിയ പൂച്ചകൾ ചത്തു. മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് പടരുന്നതായി കണ്ടെത്തിയതോടെ പൂച്ചകളുടെ ആന്തരികാവയവങ്ങളുടെ സാംപിൾ വിദഗ്ധ പരിശോധനയ്ക്ക് അയക്കും. രണ്ട് വയസുള്ള കണ്ടൻ പൂച്ചയും 20 ദിവസം പ്രായമായ രണ്ട് പൂച്ചക്കുട്ടികളാണ് ചത്തത്.
മൃഗസംരക്ഷണ വകുപ്പിന്റെ കാഞ്ഞങ്ങാട് ജില്ലാ ലാബിൽ ഡി ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണ് ഇവയുടെ ആന്തരികാവയവ സാംപിളുകൾ. തിരുവനന്തപുരം പാലോടുള്ള ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫിസറെ ഇക്കാര്യം അറിയിച്ചതായി അധികൃതർ പറഞ്ഞു. തിരുവനന്തപുരത്ത് പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ ഭോപ്പാലിലുള്ള നാഷനൽ ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസ് ലാബിലേക്ക് അയയ്ക്കും.
പൂച്ചകളുടെ പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. പ്രാഥമിക പരിശോധനയിൽ കൊറോണ ഇല്ലെന്നാണ് സൂചന. എന്നാലും സൂക്ഷ്മ പരിശോധനയിലൂടെ ഇത് ഉറപ്പു വരുത്താനാണ് വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കാൻ തീരുമാനിച്ചത്. ജനറൽ ആശുപത്രിയിലെ കൊറോണ വാർഡിൽ രോഗികളുടെ പരാതിയിലാണ് ആശുപത്രിയിൽ നിന്ന് 5 പൂച്ചകളെയും ജില്ലാ പഞ്ചായത്തിന്റെ എബിസി കേന്ദ്രത്തിലേക്കു മാറ്റിയത്. രണ്ടു പൂച്ചകൾ ദിവസങ്ങൾക്കകം ചത്തു. ഇവയെ പോസ്റ്റ്മോർട്ടം ചെയ്യാതെ മറവു ചെയ്തിരുന്നു. പിന്നീട് ചത്ത മൂന്നു പൂച്ചകളെയാണ് കാഞ്ഞങ്ങാട് ലാബിൽ പോസ്റ്റ് മോർട്ടം നടത്തിയത്.