സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ വിവേചനം; സർക്കാർ നാലു മാസത്തിനകം തീരുമാനമെടുക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ വിവേചനം സംബന്ധിച്ച പരാതിയിൽ സംസ്ഥാന സർക്കാർ നാലു മാസത്തിനകം തീരുമാനമെടുക്കണമെന്ന്
ഹൈക്കോടതി ഉത്തരവ്. പൊതുവായ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80 % വിഹിതം മുസ്ലിം സമുദായത്തിനും ബാക്കി വെറും 20 % മാത്രം ക്രിസ്ത്യാനികളടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്കും മാറ്റി വച്ചിരിക്കുന്നതിലെ അപാകത ചൂണ്ടിക്കാണിച്ച് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം.

പൊതുവായ ന്യൂനപക്ഷ പദ്ധതികളിൽ 80 % വിഹിതവും മുസ്ലിം സമുദായത്തിനും ബാക്കി വെറും 20 % മാത്രം ക്രിസ്ത്യൻ, ബുദ്ധ, സിക്ക്, ജൈന, പാർസി എന്നീ 5 ന്യൂനപക്ഷ വിഭാഗങ്ങൾക്കും കൂടിയാണ് നിലവിൽ മാറ്റി വച്ചിരിക്കുന്നത്. ഇത് ചോദ്യം ചെയ്ത് കാത്തലിക് ഫെഡറേഷൻ ചാരിറ്റബിൾ സൊസൈറ്റിക്കു വേണ്ടി അഡ്വ പി പി ജോസഫ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. പദ്ധതികൾ ജനസംഖ്യാനുപാതികമായി വീതിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.

സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന 80:20 എന്ന മുസ്ലീം ഇതരന്യൂനപക്ഷവിഭാഗ അനുപാത വിവേചനം ഹൈക്കോടതി ഉത്തരവ് മാനിച്ച് സര്‍ക്കാര്‍ അടിയന്തരമായി തിരുത്തണമെന്നും ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ എല്ലാ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കും തുല്യനീതി നടപ്പിലാക്കണമെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ വി സി സെബാസ്റ്റ്യന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഇക്കാര്യത്തിൽ ക്രൈസ്തവരുള്‍പ്പെടെ അഞ്ച് ന്യൂനപക്ഷ വിഭാഗങ്ങളോടുമുള്ള നീതിനിഷേധമാണ്. ന്യൂനപക്ഷ ക്ഷേമവകുപ്പ് ഈ അനീതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ ക്രൈസ്തവ നേതൃത്വം സര്‍ക്കാരില്‍ നിവേദനം നല്‍കിയിട്ടും മുഖം തിരിഞ്ഞുനില്‍ക്കുന്ന സമീപനമാണുണ്ടായത്. സര്‍ക്കാര്‍ വ്യക്തമായ മറുപടി പോലും നല്‍കാന്‍ തയ്യാറാകാതിരുന്നതുകൊണ്ടാണ് കോടതിയെ സമീപിച്ചത്.

പരാതിയിൽ യാഥാര്‍ത്ഥ്യമുണ്ടെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് വിധിപ്പകര്‍പ്പ് കിട്ടി നാലുമാസത്തിനുള്ളില്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള ക്ഷേമപദ്ധതി വിതരണത്തിലെ അനുപാതത്തിന് യാതൊരു പഠനവും നടത്തിയിട്ടില്ലെന്ന് വിവരാവകാശരേഖയിലൂടെ സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ന്യൂനപക്ഷ കമ്മീഷന്‍ ആക്ട് 9 (കെ) പ്രകാരം ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ 80:20 എന്ന അനുപാതം ശരിയല്ലെന്നും വളരെ വ്യക്തമാണ്.

കോടതിവിധി പ്രകാരം തീരുമാനമെടുക്കാനുള്ള നാലുമാസ കാലാവധി നോക്കിയിരിക്കാതെ പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ വിവേചനം അവസാനിപ്പിക്കാൻ തയ്യാറാകണം. കേന്ദ്ര സര്‍ക്കാരിൻ്റെ പദ്ധതികളില്‍പോലും മറ്റൊരു സംസ്ഥാനത്തുമില്ലാത്ത വിവേചനം കേരളത്തിലുണ്ടായിരിക്കുന്നതില്‍ നീതീകരണമില്ല. കേന്ദ്രസര്‍ക്കാർ ഇക്കാര്യത്തില്‍ അടിയന്തരമായി അന്വേഷണം നടത്തണമെന്നും വിസി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.